ലക്നൗ: പ്രണയ ബന്ധം അവസാനിപ്പിച്ചതിന്‍റെ പേരില്‍ മുന്‍ കാമുകിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍. കാമുകിയെ കത്തികൊണ്ട് കുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.  മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയും യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. 

അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. യുവാവിന്‍റെ ട്യൂഷന്‍ ക്ലാസില്‍ വച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും യുവാവിന്‍റെ കുടുംബം അത് അംഗീകരിച്ചില്ല. നാല് മാസം മുമ്പാണ് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത്. 

ഇതോടെ ബന്ധം തുടര്‍ന്നുപോകാന്‍ നിയമവിദ്യാര്‍ത്ഥിനി തയ്യാറായില്ല. ഞായാറാഴ്ച രാത്രി കാര്യങ്ങള്‍ സംസാരിക്കാനായി ഇവരുടെ വീട്ടിലെത്തിയ യുവാവ് സംഭാഷണത്തിനിടെ പെണ്‍കുട്ടിയെ കയ്യില്‍ കരുതിയ സ്ക്രൂ ഡ്രൈവറും കത്തിയും ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും യുവാവും കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുത്തിരുന്നു. സംഭവം പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ അറിയിക്കുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.