ഭാര്യയെയും പത്ത് വയസ്സുകാരൻ മകനെയും ആക്രമിച്ചു അക്രമം കോടതിമുറിയിൽ വച്ച്
ദില്ലി: വടക്കൻ ദില്ലിയിലെ തിസ് ഹസാരി കോടതിയിൽ ഭാര്യയെയും പത്ത് വയസ്സുകാരൻ മകനെയും ആക്രമിച്ചു. ഭർത്താവായ നരേന്ദർ സൈനിയിൽ നിന്നും വിവാഹ മോചനം നേടാനായി മകൻ ആദിത്യനൊപ്പം കോടതി മുറിയിലെത്തിയതായരുന്നു ബിംബി സൈനി എന്ന വീട്ടമ്മ. ഇരുവർക്കും കൂടിക്കാഴ്ചയ്ക്കുള്ള സമയം കോടതി അനുവദിച്ചിരുന്നു. എന്നാൽ ആ സമയത്ത് പത്ത് വയസ്സുകാരനായ മകൻ തന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല എന്ന കാരണത്താലാണ് ഇയാൾ ആക്രമിച്ചത്. വീട്ടമ്മയുടെ ശരീരത്തിൽ കഴുത്തിലുൾപ്പെടെ നാല് മുറിവുകൾ ഉണ്ടായിരുന്നു. ആദിത്യയുടെ കയ്യിലാണ് മുറിവേറ്റത്. നരേന്ദർ സൈനിയെ അപ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്ലേഡ് പോലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. ഗാർഹിക പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ബിംബി സൈനി ഭർത്താവിൽ നിന്നും വിവാഹ മോചനം നേടാൻ തീരുമാനിച്ചത്. എട്ടും പത്തും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. കുട്ടികളെ ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി അടിക്കാറുണ്ടെന്ന് ബിംബി സൈനി പറയുന്നു. ഇതിന് മുമ്പും ഭർത്താവിനെതിരെ ഇവർ പരാതിപ്പെടുകയും ഇയാൾ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു വർഷമായി ഭർത്താവിൽ നിന്ന് പിരിഞ്ഞ് സ്വന്തം വീട്ടിലാണ് ഇവർ താമസിക്കുന്നത്.
വ്യാഴാഴ്ചയാണ് കോടതി കേസ് പരിഗണിച്ചത്. അന്നേ ദിവസം നരേന്ദർ സൈനിയുമായി കൂടിക്കാഴ്ച നടത്താൻ സമയം അനുവദിച്ചു. അപ്പോഴാണ് താൻ ചോദിച്ചതിന് മകൻ കൃത്യമായി ഉത്തരം നൽകിയില്ലെന്ന കാരണത്താൽ ഇയാൾ മകനെയും ഭാര്യയെയും ആക്രമിച്ചത്. മുടിക്ക് കുത്തിപ്പിടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. നെറ്റിയിലും കഴുത്തിലും രണ്ട് കൈകളിലുമാണ് മുറിവുകൾ.
