ദില്ലി: ജനക്കൂട്ടം നോക്കി നില്‍ക്കെ ഇരുപത്തിരണ്ടുകാരിയായ യുവതിയെ തെരുവില്‍ യുവാവ് കുത്തിക്കൊന്നു. കിഴക്കന്‍ ദില്ലയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവതിയുടെ സുഹൃത്തായിരുന്ന ആദിലെന്ന യുവാവാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫ്രാങ്ക്ഫ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ ശേഷം തെരുവില്‍ കിടന്ന് രക്തം വാര്‍ന്നൊഴുകിയാണ് യുവതി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ സംസാരിച്ച കൊണ്ടിരിക്കെ വാക്കേറ്റമുണ്ടായി. പെട്ടന്ന് പ്രകോപിതനായ പ്രതി യുവതിയെ കുത്തി വീഴ്ത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റ യുവതി വഴിയരുകില്‍ രക്തം വാര്‍ന്നു കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. പ്രതി യുവതിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനമോഷണക്കേസിലടക്കം മുമ്പ് പ്രതിയായിട്ടുള്ളയാളാണ് ആക്രമി. സുഹൃത്തുക്കളായ ഇരുവരുടെയും ബന്ധം വഷളായതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
