
യുവാവ് അബദ്ധത്തില്‍ സിംഹക്കൂട്ടില്‍ വീഴുകയായിരുന്നെന്നാണ് എല്ലാവരും കരുതിയത്. കൂടിന്റെ സുരക്ഷാ വേലി ഇളക്കിമാറ്റി അതിലൂടെയാണ് ഇയാള്‍ അകത്ത് കടന്നത്. തുടര്‍ന്ന് സിംഹങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ചെന്ന് അവയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ചില പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടായിരുന്നു സിംഹത്തിനടത്തേക്ക് ചെന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികളടക്കം വലിയൊരു ആള്‍ക്കൂട്ടം ഈ സമയം സിംഹക്കൂട്ടിന് ചുറ്റുമുണ്ടായിരുന്നു. ഇവര്‍ രംഗം കണ്ട് അലറി വിളിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഓടിയെത്തി സിംഹങ്ങളെ വെടിവെച്ചുകൊന്ന് ഇയാളെ രക്ഷിച്ചു. വസ്ത്രങ്ങള്‍ക്കൊപ്പം ഇയാളുടെ ആത്മഹത്യാക്കുറിപ്പും അധികൃതര്‍ കണ്ടെടുത്തു.

20 വര്‍ഷത്തിലേറെയായി മൃഗശാലയിലുള്ള സിംഹങ്ങളെ വെടിവെച്ചുകൊല്ലേണ്ടി വന്നതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ മൃഗശാല ഡയറക്ടര്‍, മനുഷ്യരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്നതാണ് തങ്ങളുടെ നയമെന്നും കൂട്ടിച്ചേര്‍ത്തു. സിംഹങ്ങളെ പെട്ടെന്ന് മയക്കാനുള്ള മരുന്നുകളോ മയക്കുവെടി പോലുള്ള മറ്റ് സംവിധാനങ്ങളോ നിലവില്ലാത്തതിന്‍ വെടിവെച്ചുകൊല്ലുകയല്ലാതെ നിവൃത്തിയില്ലായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം മൃഗശാലയിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ വളരെ പതുക്കെയാണ് പ്രതികരിച്ചതെന്നും അല്ലായിരുന്നെങ്കില്‍ വലിയ പരിക്കില്ലാതെ യുവാവിനെ രക്ഷിക്കാമായിരുന്നെന്നും സന്ദര്‍ശകരില്‍ ചിലര്‍ പരാതിപ്പെട്ടു. സിംഹങ്ങള്‍ക്കടുത്തെത്തിയ യുവാവിനെ ഏറെ നേരം അവ ആക്രമിച്ചില്ല. പിന്നീട് ആക്രമണം തുടങ്ങിയപ്പോള്‍ വെള്ളമൊഴിച്ച് അവയുടെ ശ്രദ്ധ തിരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. അപ്പോള്‍ തന്നെ സിംഹങ്ങളെ വെടിവെച്ചിരുന്നെങ്കില്‍ അധികം പരിക്കേല്‍ക്കാതെ ഇയാളെ രക്ഷാക്കാമായിരുന്നെന്നും അവര്‍ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.

