ആലപ്പുഴ: കാര്‍ത്തികപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്തത് മരുമകളെ ശല്യം ചെയ്തെന്ന പരാതി പോലീസ് അന്വേഷിക്കാത്തതിനെത്തുടര്‍ന്നെന്ന ആരോപണവുമായി ബന്ധുക്കള്‍. മരുമകളെ ശല്യം ചെയ്തയാളും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടി. അതേ സമയം ആരോപണം ശരിയല്ലെന്നും പരാതിയില്‍ അന്വേഷണം തുടങ്ങിയിരുന്നുമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ആത്മഹത്യ ചെയ്ത കൃഷ്ണകുമാറിന്‍റെ മകനും പ്രദേശത്തെ ഒരു യുവാവും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴി‍ഞ്ഞ 21-ാം തീയ്യതി കൃഷ്ണകുമാറിന്‍റെ മകനും സുഹൃത്തും ഇയാളുടെ വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. യുവാവ് കൃഷ്ണകുമാറിന്‍റെ മകനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതന്വേഷിക്കാന്‍ തൃക്കുന്നുപ്പുഴ എഎസ്ഐയും പോലീസ് സംഘവും കൃഷ്ണകുമാറിന്‍റെ വീട്ടിലെത്തുകയും കൃഷ്ണകുമാറിനോട് മകനെതിരെ കിട്ടിയ പരാതിയെക്കുറിച്ച് സംസാരിക്കുകയും ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി.

അതിനിടെ തന്‍റെ മകന്‍റെ ഭാര്യയെ ഈ യുവാവ് ഫോണില്‍ ശല്യപ്പെടുത്തിയെന്ന് കാണിച്ച് കൃഷ്ണകുമാറിന്‍റെ ഭാര്യ പോലീസില്‍ പരാതിയും നല്‍കി. പോലീസ് ഈ പരാതി അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്ന് കിട്ടിയതും ചുവരില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയതുമായ ആത്മഹത്യാകുറിപ്പല്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ എസ്‍പി എ അക്ബര്‍ കായംകുളം ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃഷ്ണകുമാറിന്‍റെ ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്ന രീതിയിലുള്ള സംഭവം നടന്നില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗനം. അതേ സമയം കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം എന്തെന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. എഎസ്ഐയുടെ ഭാഗത്ത് നിന്ന് വിഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.