ദില്ലി:വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് ടെറസിന് മുകളില്‍ നിന്ന് തള്ളിയിട്ടു. ദില്ലിയിലാണ് സംഭവം. കൊലപാതക ശ്രമത്തിന് 19 കാരന്‍ ഷാഹില്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്‍റ് കോഴ്സ് വിദ്യാര്‍ത്ഥിയാണ് ഷാഹില്‍.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. യുവതിക്ക് സമ്മാനമായി ചെറുപ്പക്കാരന്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 30 ന് ഫോണില്‍ വിളിച്ച യുവാവ് യുവതിയെ ഒളിച്ചോടാന്‍ നിര്‍ബന്ധിച്ചു. വീട്ടുകാര്‍ തനിക്ക് മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും തനിക്കതില്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയ യുവാവ് പെണ്‍കുട്ടിയോടുള്ള തന്‍റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതോടെ എങ്കില്‍ ഫോണിന്‍റെ പൈസ തിരിച്ച് തരണമെന്ന്  ഇയാള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 31 ന് വീട്ടിലേക്ക് പെണ്‍കുട്ടിയെ യുവാവ് വിളിച്ച് വരുത്തുകയും ഫോണിന്‍റെ വിലയായ് 70,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് ഇയാള്‍ തള്ളിയിടുകയായിരുന്നു. പെണ്‍കുട്ടി സുഖം പ്രാപിച്ച് വരികയാണ്.