യാദവും കുടുംബവും ചേര്‍ന്ന് സാഹുവിനെ ബലമായി കെട്ടിയിടുകയും വാളുപയോഗിച്ച് കൈകള്‍ വെട്ടിമാറ്റുകയുമായിരുന്നു
ഭോപ്പാല്‍: പശുവിനെ കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തലെത്തി. യുവാവിനെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ചേര്‍ന്ന് മരത്തില്‍കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി. 35 കാരനായ പ്രേം നാരായണ്‍ സാഹുവിനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. സാഹുവിന്‍റെ ഒരു കൈ പൂര്‍ണ്ണമായും അറ്റുപോയി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭോപ്പാലിലെ റൈസന്ഡ ഗ്രാമത്തിലാണ് സംഭവം.
ആക്രമണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രേം നാരായണ്‍ സാഹു തന്‍റെ പശുവിനെ കാണാതായതിനെ തുടര്‍ന്ന് സാട്ടു യാദവിന്‍റെ ഗോശാലയില്‍ അന്വേഷിച്ച് എത്തിയതായിരുന്നു. തുടര്‍ന്ന് പശുവിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. തമ്മില്‍ അസഭ്യം പറയുകയും വഴക്ക് ആക്രമണത്തില്‍ എത്തുകയുമായിരുന്നു.
പിന്നീട് യാദവും കുടുംബവും ചേര്‍ന്ന് സാഹുവിനെ ബലമായി കെട്ടിയിടുകയും വാളുപയോഗിച്ച് കൈകള്‍ വെട്ടിമാറ്റുകയുമായിരുന്നു. സാഹുവിന്‍രെ ഒരു കൈ പൂര്‍ണ്ണമായും അറ്റുപോയി. ആക്രമണത്തിനിടയില്‍ സാഹു കരഞ്ഞ് നിലവിളിച്ചെങ്കിലും അയല്‍ക്കാര്‍ ആരും രക്ഷിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി സാഹുവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സാഹുവിന് ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു. മുറിച്ച് മാറ്റിയ കൈകള്‍ കണ്ടെടുത്ത് പൊലീസ് ആശുപത്രിയിലെത്തിച്ചു. ഗ്രാമത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ ആണ് സാഹു ഇപ്പോള്‍. കൊലപാതക കുറ്റമാണ് യാദവിനും കുടുംബത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്.
