ജയ്പുര്‍: കൊല്ലപ്പെട്ട അല്‍ഖ്വയിദ ഭീകരന്‍ ഉസാമ ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശി പിടിയില്‍. സദ്ദാം ഹുസൈന്‍ മന്‍സൂരി (35)യാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ മണ്ഡലില്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ കേന്ദ്രം നടത്തുകയാണ് ഇയാള്‍.

ആധാര്‍ കാര്‍ഡ് അപേക്ഷയില്‍ പന്തികേടു തോന്നിയതിനെ തുടര്‍ന്ന് യുഐഡിഎഐ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉസാമ ബിന്‍ ലാദന്റെ മങ്ങിയ ചിത്രം അപ്‌ലോഡ് ചെയ്തശേഷം സദ്ദാം അപേക്ഷ പൂരിപ്പിക്കുകയായിരുന്നു.

അഡ്രസില്‍ അബോട്ടാബാദ് എന്നാണ് സ്ഥലപേര് ചേര്‍ത്തിരുന്നത്. എന്നാല്‍ വിരലടയാളമോ മറ്റ് ഐഡന്റിഫിക്കേഷന്‍ പ്രൂഫോ സമര്‍പ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ബില്‍വാര പൊലീസ് പറഞ്ഞു. ഐടി നിയമപ്രകാരമാണ് മന്‍സൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.