എലിയെ പേടിച്ച് ഇലംചുടുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അതിന് സമാനമായ ഒരു സംഭവമുണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. പക്ഷേ അവിടെ എലിക്ക് പകരം എട്ടുകാലിയാണ് പ്രധാന കഥാപാത്രം. വീടിനുള്ളില്‍ എട്ടുകാലിയുടെ ശല്യം രൂക്ഷമായതോടെയാണ് അരിസോണയിലെ ടക്‌സണിലുള്ള ഒരു ഗൃഹനാഥന്‍, അതിനെ കത്തിക്കാന്‍ ശ്രമിച്ചത്. അതിനായി ഉപയോഗിച്ചത്, വീട്ടില്‍ ഉപയോച്ചിരുന്ന ഒരു ബ്ലോടോര്‍ച്ച് ആയിരുന്നു. കറണ്ട് പോകുമ്പോള്‍ വിളക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് ബ്ലോടോര്‍ച്ച്. ഇതുപയോഗിച്ച് എട്ടുകാലിയെ വകവരുത്താന്‍ ശ്രമിക്കവെയാണ് വീടിനുള്ളില്‍ തീ പടര്‍ന്നത്. പെട്ടെന്ന് എന്തു ചെയ്യണമെന്ന് അറിയാതെ വീട്ടുകാര്‍ പകച്ചുപോയി. എന്നാല്‍ തീ വ്യാപകമായി പടര്‍ന്നുപിടിച്ചതോടെ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ അഗ്നിശമനസേനയെത്തിയാണ് തീ അണച്ചത്. ഏകദേശം 11 മിനുട്ടോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ കെടുത്തിയത്. എന്നാല്‍ അപ്പോഴേക്കും വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു.