റാഞ്ചി: സ്വച്ഛഭാരത് പദ്ധതി പ്രകാരം ശൗചാലയം നിര്‍മ്മിക്കാന്‍ അനുവദിച്ച പണമുപയോഗിച്ച് യുവാവ് മൊബൈല്‍ ഫോണ്‍ വാങ്ങി. ഇതില്‍ പ്രകോപിതയായ ഭാര്യ ഫോണ്‍ എറിഞ്ഞുടച്ചു.ശൗചാലയം നിര്‍മ്മിക്കുന്നതു വരെ ആരും ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടെന്നു പറഞ്ഞു അത് എറിഞ്ഞുടച്ചത്.പിന്നീട് ശോചാലയം നിര്‍മ്മിക്കുന്നത് വരെ നിരാഹാരം സമരവും നടത്തുകയായിരുന്നു. 

 ഝാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ശൗചാലയം നിര്‍മ്മിക്കാനുള്ള പണമുപയോഗിച്ച് ഫോണ്‍ വാങ്ങിയത്. ധന്‍ബാദ് ജില്ലയിലെ ബുലിയിലായിരുന്നു സംഭവം. 

 ഭര്‍ത്താവ് ശൗചാലയം നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി ദേവി രണ്ട് ദിവസം നിരാഹാര സമരം നടത്തിയതോടെയാണ് പരിഹാരമായത്. എന്നാല്‍ തന്‍റെ തെറ്റ് മനസ്സിലാക്കാന്‍ രണ്ടു ദിവസമെടുത്തെന്ന് രാജേഷ് പറഞ്ഞു. ഭാര്യയുടെ നിരാഹാര സമരം തുടര്‍ന്നതോടെ പലിശയ്ക്ക് പണമെടുത്ത് ശൗചാലയം നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. 

 ശൗചനാലയം നിര്‍മ്മിക്കാന്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം 12,000 രൂപ വീതം രണ്ടു തവണയായിട്ടാണ് ലഭിക്കുന്നത്. 6000 രൂപ ആദ്യഗഡുവില്‍ ലഭിക്കും പിന്നീട് നിര്‍മ്മാണം പൂര്‍ത്തിയായല്‍ അടുത്ത തുകയും നല്‍കും. എന്നാല്‍ ആദ്യം അനുവദിച്ച തുകയെടുത്താണ് രാജേഷ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്.