അടിമാലി : സ്ത്രീ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് കൂട്ടുനിന്ന യുവതി ഒളിവിൽ പോയി. അടിമാലി പരിശക്കല്ല് സ്വദേശി ചവറ്റുകുഴിയില്‍ ഷൈജനെയാണ് അറസ്റ്റ് ചെയ്തത്.

കത്തിപാറ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ കുര്യാക്കോസിനെയാണ് പീഡനകേസില്‍ കുടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഷൈജനും കത്തിപ്പാറ സ്വദേശിനി ലതയും ചേർന്നാണ് പണം തട്ടാൻ ശ്രമിച്ചത്. 75,000 രൂപ ഇവർ തട്ടിയെടുത്തു. പ്രതികളായ ഷൈജനും ലതയും സുഹൃത്തുക്കളാണ്. 

കുര്യാക്കോസ് ലതയെ പീഡിപ്പിച്ചെന്നും പൊലീസില്‍ പരാതി നല്‍കാതിരിക്കണമെങ്കിൽ ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ നല്‍കണമെന്നും ഷൈജൻ ഫോണിലൂടെ ആവശ്യപ്പെട്ടു. ലതയുടെ വക്കീലായ അഡ്വ ഫ്രാന്‍സീസാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളിച്ചത്. എന്നാല്‍ ലതയുമായി കത്തുകള്‍ കൈമാറിയുള്ള പരിചയം മാത്രമാണുള്ളതെന്ന് പറഞ്ഞ് കുര്യാക്കോസ് ഫോണ്‍ അവഗണിച്ചു. തുടർന്ന് ഭീഷണി ശക്തമായി.

യുവതി കുര്യാക്കോസിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മാനഹാനി ഭയന്ന് പണം നല്‍കാമെന്ന് കുര്യാക്കോസ് സമ്മതിച്ചു. ഷൈജന്‍ പറഞ്ഞ പ്രകാരം രണ്ടു തവണയായി എഴുപത്തി അയ്യായിരം രൂപ കൈമാറുകയും ചെ്തു.
ഇരുമ്പുപാലത്തു വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു. ഷൈജനൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ലതക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.