മന്ത്രിമാര്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള സൈറണ്‍ ഘടിപ്പിച്ച് കാറില്‍ ചീറിപ്പാഞ്ഞ് പോയതിനാണ് ഇയാളെ പൊലീസ് തടഞ്ഞതും പിഴ നല്‍ക്കാന്‍ ആവശ്യപ്പെട്ടതും
ഭോപ്പാല്‍: കാറില്‍ സൈറണ്‍ മുഴക്കി യാത്ര ചെയ്തതിന് ട്രാഫിക് പൊലീസ് പിടികൂടിയ യുവാവ് താന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തര്‍ക്കിക്കുന്ന വീഡിയോ പുറത്ത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ സഹോദരി ഭര്‍ത്താവാണ് എന്നായിരുന്നു അവകാശ വാദം. ഇയാള്‍ പൊലീസിനോട് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.
ഉന്നത മന്ത്രിമാര്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള സൈറണ്‍ ഘടിപ്പിച്ച് കാറില്‍ ചീറിപ്പാഞ്ഞ് പോയതിനാണ് ഇയാളെ പൊലീസ് തടഞ്ഞതും പിഴ നല്‍ക്കാന്‍ ആവശ്യപ്പെട്ടതും. ഒപ്പമുണ്ടായിരുന്ന സ്ത്രീകളും പൊലീസിനോട് ബഹളം വയ്ക്കുന്നത് വീഡിയോയില്‍ കാണാം.
മധ്യപ്രദേശില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ, വാഹനങ്ങളില്‍ നിയമ വിരുദ്ധമായി സൈറണുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരിവട്ടതിന് പിന്നാലെയാണ് സംഭവം. അതേസമയം തന്‍റെ ബന്ധുവാണെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. മധ്യപ്രദേശില്‍ തനിക്ക് കോടിക്കണക്കിന് സഹോദരിമാരുണ്ട്. അതുകൊണ്ട് തന്നെ കോടിക്കണക്കിന് സഹോദരി ഭര്‍ത്താക്കന്‍മാര്‍ ഉണ്ടാകുമെന്നും ചൗഹാന്‍ പ്രതികരിച്ചു.
കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഫോണെടുത്ത് ആരെയോ വിളിക്കുകയും ഇത് മുഖ്യമന്ത്രിയുടെ നംബറാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇവര്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെങ്കിലും അവര്‍ യാത്ര ചെയ്ത എസ് യു വി രാജേന്ദ്ര സിംഗ് ചൗഹാന്‍ എന്ന ആളുടെ പേരിലാണെന്ന് കണ്ടെത്തി.
കഴിഞ്ഞ ഒരാഴ്ചയില്‍ 128 വാഹനങ്ങളാണ് നിയമവിരുദ്ധമായി സൈറണ്‍ വച്ച് യാത്ര ചെയ്തതിന് പൊലീസ് പിടികൂടിയത്. അവരില്‍നിന്നായി 12000 രൂപ പൊലീസ് പിഴയായി ഈടാക്കയിട്ടുണ്ട്. നിയമ തെറ്റിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ 20 ചെക്ക് പോസ്റ്റുകളിലായി 200 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അനധികൃതമായി സൈറണ്‍ ഉപയോഗിച്ചാല്‍ 3000 രൂപയാണ് പിഴ.
