ഉദ്യോഗസ്ഥരുടെ മർദനത്തിൽ മനംനൊന്തുള്ള ആത്മഹത്യയെന്ന ആരോപിച്ച് നാട്ടുകാർ മൃതദേഹവുമായി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു
തൃശൂര്‍: വനപാലകർ ചോദ്യംചെയ്ത മധ്യവയസ്കനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ മർദനത്തിൽ മനംനൊന്തുള്ള ആത്മഹത്യയെന്ന ആരോപിച്ച് നാട്ടുകാർ മൃതദേഹവുമായി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. അന്വേഷിച്ച് നടപടിയെടുക്കാമെന്ന ഉറപ്പ് അധികൃതർ എഴുതി ഒപ്പിട്ടു നൽകിയശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് വെള്ളികുളങ്ങര രണ്ട്കൈ സ്വദേശി സന്തോഷിനെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് തേക്ക് മരം മുറിച്ചു കടത്തിയെന്നാരോപിച്ച് ഫോറസ്റ്റർ രവീന്ദ്രൻ സന്തോഷിനെ ചോദ്യം ചെയ്തിരുന്നു.
സന്തോഷിനെ ഫോറസ്റ്റർ മർദിച്ചെന്നും ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതതെന്നും ആരോപിച്ചാണ് നാട്ടുകാർ വനം വകുപ്പിന്‍റെ ചായ്പൻകുഴി മാതൃകാ സ്റ്റേഷൻ ഉപരോധിച്ചത്.
സംഭവം അന്വേഷമിക്കുമെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ ഫോറസ്റ്റർക്കെതിരെ നടപടിയുണ്ടാവുമെന്നും ചാലക്കുടി ഡിവൈഎസ്പി ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ചാലക്കുടി ഡിഎഫ് ഒ പി.എൻ. പ്രസാദും ഇക്കാര്യം എഴുതി ഒപ്പിട്ട് നൽകി. മൃതദേഹം ചാലക്കുടി നഗരസഭ ശ്മശാനത്തിൽ സംസ്ക്കരിച്ചു.
