ഇരുപത്തിയൊന്നര പവൻ സ്വർണ്ണം ഇയാളിൽ നിന്ന് കണ്ടെടുത്തു ട്രോൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്
കണ്ണൂര്‍: പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് കബളിപ്പിച്ച് സ്വർണ്ണം തട്ടിയ കള്ളനെ ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി തളിപ്പറമ്പ് പൊലീസ്. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയാണ് പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളിൽ കുടുങ്ങിയത്. ഇരുപത്തിയൊന്നര പവൻ സ്വർണ്ണം ഇയാളിൽ നിന്ന് കണ്ടെടുത്തു. ട്രോൾ പോസ്റ്റുകൾ വരെയിറക്കി പ്രചരിപ്പിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
രോഗങ്ങളും ദാരിദ്ര്യവും കൊണ്ട് ദുരിതമനുഭവിക്കുന്ന പ്രായമായ സ്ത്രീകളുടെ അടുത്തുകൂടി പരിചയം ഭാവിക്കും. വീട്ടിലെ വിവരങ്ങൾ വരെ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും അടുപ്പം ശക്തമാക്കും. ശേഷം സഹായിക്കാൻ തന്രെ പക്കൽ ആളുണ്ടെന്ന് വിശ്വസിപ്പിക്കും. പക്ഷെ, കാണുന്നയാൾക്ക് ദയ തോന്നി സഹായം കിട്ടണമെങ്കിൽ ദേഹത്തുള്ള ആഭരണം ഊരിവെച്ചു വേണം പോകാൻ.
ഇതിനായി ആഭരണം ഊരിവാങ്ങി, പ്രായമായവരെ വാഹനത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ഇറക്കിവിടും. ശേഷം കടന്നുകളയും. ഇതാണ് മുഹമ്മദ് മുസ്തഫയെന്ന, നീല ഷർട്ടുകാരനായ കള്ളന്റെ രീതി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വെച്ച് വൃദ്ധയുടെ ഒന്നരപ്പവൻ മാല, പയ്യന്നൂർ താലൂക്കാശുപത്രിയിൽ വെച്ച് എൻഡോസൾഫാൻ ദുരിതാശ്വാസം വാങ്ങി നൽകാമെന്ന പേരിൽ ഷരീഫയെന്ന വീട്ടമ്മയുടെ ഒന്നരപ്പവൻ മാല, ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ വൃദ്ധയിൽ നിന്ന് രണ്ടരപ്പവൻ വരുന്ന മാല ഇങ്ങനെ പോകുന്നു മോഷണം..
സിസിടിവി ദൃശ്യങ്ങളും ട്രോളുകളും പ്രചരിപ്പിച്ച് കള്ളനെ പിടിക്കാനിറങ്ങിയ പൊലീസിനെ ക്ലീൻഷേവ് ചെയ്ത്, മുടി സട്രെയിറ്റൻ ചെയ്ത് രൂപം മാറി പറ്റിക്കാനും മുസ്തഫ ശ്രമിച്ചു. പക്ഷെ ഫോൺ പിന്തുടർന്ന് മുസ്തഫയുടെ സ്ഥലം മനസ്സിലാക്കി ഭാര്യവീട്ടിലെത്തിയ ശേഷം പാഴ്സൽ കൈമാറാനെന്ന പേരിൽ ചെന്ന് കൈയോടെ പിടികൂടി പൊലീസ്ന്റെ മറുതന്ത്രം.
ചോദ്യം ചെയ്യലിനിടെ വരാപ്പുഴയിലെ കസ്റ്റഡി മരണം പറഞ്ഞ് പൊലീസിനെ ഒന്ന് വിരട്ടാനും മുസ്തഫ ശ്രമിച്ചു. നിലവിൽ 8 കേസുകളിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ കേസുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
