ദിസ്പൂര്‍: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും ഭാര്യയുടെ പേര് ഒഴിവാക്കിയതിന്‍റെ കാരണം അന്വേഷിച്ച് മടങ്ങവേ ഹൃദയാഘാതം മൂലം 65 കാരന്‍ മരിച്ചു. അസമിലെ കരിമഗ്ജ് ജില്ലയിലെ കര്‍ഷകനായ മുഹ്ബീര്‍ റഹ്മാന്‍ (65) ആണ് മരിച്ചത്. പൗരത്വ പട്ടികയില്‍ മുഹ്ബീറിന്‍റെയും ഏഴ് മക്കളുടെയും പേരുണ്ടെങ്കിലും ഭാര്യ രേണു ബീബിയുടെ പേര് ഉണ്ടായിരുന്നില്ല.  ഭാര്യയുടെ പേര് പട്ടികയില്‍ ഇല്ലാത്തതില്‍ കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു മുഹ്ബീറെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

രേഖകള്‍ സമര്‍പ്പിച്ചിട്ടും രേണു ബീബിയുടെ പേര് പട്ടികയില്‍ നിന്നും പുറത്തായതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ചയാണ് പ്രാദേശിക എന്‍ആര്‍സി സേവാ കേന്ദ്രയില്‍ മുഹ്‍ബീര്‍ പോയത്. ഇവിടെ നിന്നും മടങ്ങവേയാണ് മുഹ്ബീറന് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

 ബംഗ്ളാദേശിൽ നിന്ന്  കുടിയേറിയവരെ കണ്ടെത്താനാണ്  അസമിൽ  പൗരത്വപട്ടിക കേന്ദ്രം പുതുക്കിയത്. ജൂലൈ 30 ന് പുറത്തുവിട്ട അന്തിമ കരട് പട്ടികയില്‍ 40 ലക്ഷം പേരാണ് പുറത്തായത്. അന്തിമ കരട് പട്ടിക പുറത്തുവന്നതിന് പിന്നാലെ പട്ടികയില്‍ ഇല്ലാത്ത നിരവധി പേര്‍ ആത്മഹത്യ ചെയ്തിരുന്നു.