ഒരുമാസത്തോളമായി കാണാതായ ആള്‍ ഭാര്യയുടെ മുന്നില്‍വെച്ച് കൊല്ലപ്പെട്ടതായി പൊലീസ്. തെലങ്കാനയിലാണ് സംഭവം. ഭാര്യാപിതാവ് തന്നെയാണ് ഇയാളെ വധിച്ചത്. ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച നരേഷ് എന്ന 23കാരനെണ് ഭാര്യപിതാവ് കൊലപ്പെടുത്തിയത്. ഇരുപതികാരിയായ തുമ്മല സ്വാതി എന്ന പെണ്‍കുട്ടി വീട്ടുകാരുടെ ഭീഷണിക്കുവഴങ്ങി, ഭര്‍ത്താവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരുടെ പിണക്കമൊക്കെ മാറിയെന്ന് പറഞ്ഞാണ് സ്വാതി ഭര്‍ത്താവിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ ഇവിടെവെച്ച് സ്വാതിയുടെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് നരേഷിനെ വകവരുത്തുകയായിരുന്നു. ഇതിനുശേഷം നരേഷിന്റെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ഈ സംഭവങ്ങളെല്ലാം സ്വാതിയെ സാക്ഷിനിര്‍ത്തിയാണ് ചെയ്‌തത്. നരേഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ സ്വാതിയുടെ പിതാവ് ശ്രീനിവാസ് റെഡ്ഡിയെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകവിവരം പുറത്തായത്. ചോദ്യം ചെയ്യലില്‍ ശ്രീനിവാസ് റെഡ്ഡി കുറ്റം സമ്മതിച്ചു. നരേഷിന്റെ കൊലപാതകത്തിന് ശേഷം സ്വാതി ആത്മഹത്യ ചെയ്തിരുന്നു. രണ്ടുമാസം മുമ്പ് മുംബൈയില്‍വെച്ചാണ് സ്വാതിയും നരേഷും വിവാഹിതരായത്. ഇവരുടെ വിവാഹം സ്വാതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.