ബംഗാളിൽ നിന്ന് കേരളത്തിലേക്ക് ബ്രൗൺ ഷുഗർ മൂർഷിദാബാദ് സ്വദേശി പിടിയിൽ
കൊച്ചി: ബംഗാളിൽ നിന്നും കേരളത്തിലേക്ക് ബ്രൗൺ ഷുഗർ എത്തിച്ച് വിൽപ്പന നടത്തിയ മുഖ്യപ്രതി അങ്കമാലിയിൽ പിടിയിൽ. മുർഷിദാബാദ് സ്വദേശി നിഖിൽ മജുംദാറാണ് ബ്രൗൺ ഷുഗറുമായി എക്സൈസിൻറെ പിടിയിലായത്. ബംഗാളിൽ നിന്ന് തീവണ്ടി മാർഗം കഴിഞ്ഞ ഒരു വർഷമായി ബ്രൗൺ ഷുഗർ അടക്കമുള്ള ലഹരിമ രുന്നുകൾ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് നിഖിൽ മജുംദാർ.
അങ്കമാലി മേഖലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇയാൾ ബ്രൗൺ ഷുഗർ എത്തിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഇന്നലെ രാത്രി അങ്കമാലി റയിൽ വേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പിടികൂടുന്നത്. 238 പൊതികളിലായി സൂക്ഷിച്ചിരുന്ന ആറ് ഗ്രാം ബ്രൗൺ ഷുഗറും ഇയാളുടെ കൈവശമുണ്ടായിരുന്നു.
ഒരു പൊതിക്ക് 250 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. ചീനി എന്ന രഹസ്യ പേരുപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇയാൾ ബ്രൗൺ ഷുഗർ കൈമാറുന്നത്. ഫോൺ മുഖേന ഇടപാടുറപ്പിച്ച് ഇയാൾ പറയുന്ന സ്ഥലത്തു വച്ച് ലഹരി മരുന്ന് കൈമാറുന്നതാണ് രീതി. നാലു വർഷം മുന്‍പ് കേരളത്തിലെത്തി. നിഖിൽ മജുംദാർ ബംഗാളിലും കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. അവിടെ മയക്കു മരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിൽ ഇതാദ്യമായാണ് ഇയാൾ പിടിയിലാകുന്നത്.
