തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ സർക്കാരിന് പിന്നാലെ അപ്പീലുമായി മാനേജ്മെന്‍റുകളും സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പത്തംഗ ഫീസ് നിർണ്ണയസമിതിയിലെ അംഗങ്ങളെ ഉടൻ കുറയ്ക്കും. ജംബോ കമ്മിറ്റി എന്ന ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അംഗങ്ങളുടെ എണ്ണം മൂന്ന് അല്ലെങ്കിൽ അഞ്ചാക്കി കുറക്കാനുള്ള നീക്കം.
ഡിവിഷൻ ബെഞ്ച് ഉത്തരവിൽ സർക്കാരിനും മാനേജ്മെന്‍റുകള്‍ക്കും പലതരം അസംതൃപ്തികളാണുള്ളത്. മാനേജ്മെന്‍റുകളുമായി കരാർ ഒപ്പിടാനുള്ള നിയമ വ്യവസ്ഥ റദ്ദാക്കിയതാണ് സർക്കാരിനുള്ള തിരിച്ചടി. ഫീസ് നിർണ്ണയസമിതിക്ക് തന്നെ ഫീസിനുള്ള അധികാരം നൽകിയതിലാണ് മാനേജ്മെന്‍റുകള്‍ക്ക് പ്രശ്നം. കുറഞ്ഞഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കണമെങ്കിൽ കരാർ ഇല്ലാതെ പറ്റില്ല. കരാറിനുള്ള വ്യവസ്ഥ പുനസ്ഥാപിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് ആരോഗ്യമന്ത്രിക്കുള്ളത്.
എന്നാല്‍ കരാറിന് സന്നദ്ധരാകുന്നത് ചുരുക്കം മാനേജ്മെന്‍റുകള്‍ മാത്രം. ചിലർ ഒപ്പിട്ട് ഏകപക്ഷീയമായി പിന്മാറും. ഈ സ്ഥിതിയും സർക്കാർ പരിശോധിക്കുന്നു. അപ്പീലിൽ ഉടൻ തീരുമാനമെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ പ്രശ്നത്തിനെല്ലാം ഉത്തരവാദി സർക്കാരെന്നാണ് പ്രതിപക്ഷ വിമർശനം. ഫീസ് തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്ക് വേണമെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട്. അപ്പീലിന് പോകുമെന്ന് സ്വാശ്രയമെഡിക്കൽ മാനേജ്മെന്‍റ് അസോസിയേഷൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇന്‍റര്‍ചര്‍ച്ച് കൗൺസിൽ തിങ്കളാഴ്ച തുടർനടപടി പ്രഖ്യാപിക്കും.
