Asianet News MalayalamAsianet News Malayalam

മാന്ദാമംഗലം പള്ളിത്തർക്കത്തിൽ വഴിത്തിരിവ്: ഉപാധികൾ അംഗീകരിക്കാമെന്ന് യാക്കോബായ വിഭാഗം

തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ വഴിത്തിരിവ്. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. 

mandamangalam church clash meeting
Author
Thrissur, First Published Jan 19, 2019, 2:56 PM IST

തൃശ്ശൂര്‍: മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ വഴിത്തിരിവ്. ഉറച്ച നിലപാടിൽ നിന്നിരുന്ന യാക്കോബായ വിഭാഗം ഒടുവിൽ നിലപാടിൽ അയവ് വരുത്താൻ തയ്യാറാകുന്നു. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം ജില്ലാ കളക്ടറെ അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയും. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു.

എന്നാല്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗം സിപിഎമ്മിന്‍റെ സഹായവും തേടി. നാളെ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎമ്മിന്‍റെ സഹായം തേടിയത്. യാക്കോബായ വിഭാഗം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ചയും നടത്തി.

മാന്ദാംമംഗലം സെൻറ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവച്ചത്. പള്ളിയില്‍ 3 ദിവസമായി തുടരുന്ന പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി.

എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. സഭയുടെ മേലധ്യക്ഷൻമാരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കളക്ടര്‍ സമയം അനുവദിച്ചത്. ഇന്ന് നടന്ന ചര്‍ച്ചയിലാണ് കളക്ടറുടെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചത്. 

 

Follow Us:
Download App:
  • android
  • ios