കോട്ടയം: വര്‍ഗീയതയ്ക്കെതിരെ സിപിഎമ്മുമായി സഹകരണമാകാമെന്നു സൂചന നല്‍കി കെ.എം. മാണി. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വ്യക്തമാക്കി. ബിജെപി സഖ്യം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ല. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ കോണ്‍ഗ്രസിനെ മാണി രൂക്ഷമായി വിമര്‍ശിച്ചു.
വര്‍ഗീയതക്കെതിരെ ജനങ്ങളുടെ ഐക്യ നിര എന്ന ആശയത്തിലേക്കാണ് കെ.എം മാണിയെ സിപിഎം ക്ഷണിച്ചത്. മതേതരത്വം കാക്കാന്‍ കേരള കോണ്‍ഗ്രസും നിലപാടെടുക്കുമെന്നാണ് കെ.എം മാണിയുടെ പ്രഖ്യാപനം. അതേ സമയം അക്രമ രാഷ്ട്രയത്തെ എതിര്‍ക്കുമെന്നും മാണി വ്യക്തമാക്കുന്നു. പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന നിലപാട് ആവര്‍ത്തിക്കുന്നുമുണ്ട്. യുഡിഎഫ് വിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയായിരുന്നു മാണി.
പാര്‍ട്ടിയെ നമ്പര്‍ വണ്‍ ശത്രുവായി ചിലര്‍ കണ്ടു. വളര്‍ച്ചയെ സംശയത്തോടെ നോക്കി. അപമാനം സഹിച്ച് ഒറ്റ നിമിഷം പോലും പാര്‍ട്ടി ഒരിടത്തും ഇരിക്കില്ല. പരാതി പറയേണ്ട വേദിയില്‍ പറഞ്ഞിട്ടുണ്ട്. പൊതുവഴിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാത്തതു മാന്യത കൊണ്ടാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.
ചരല്‍ക്കുന്ന് തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നു സംസ്ഥാന സമിതിയില്‍ പി.ജെ ജോസഫ് വ്യക്തമാക്കി
ഇതിനിടെ പാര്‍ട്ടി പ്രസിദ്ധീകരണമായ പ്രതിച്ഛായ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തു വന്നു. മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മാണി രാജിവച്ച വേളയില്‍ പി.ജെ ജോസഫിന്റെ വീട്ടില്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഒരു മന്ത്രി ദൂതനായി എത്തി. മാണിയുടെ രാജി അപ്പോള്‍ തന്നെ സ്വീകരിച്ച ഉമ്മന്‍ ചാണ്ടി ഉണ്ണിയാടന്റെയും പി.സി ജോര്‍ജിന്റെയും രാജിക്കത്ത് പോക്കറ്റിലിട്ടു നടന്നുവെന്നാണ് പ്രതിച്ഛായയുടെ കുറ്റപ്പെടുത്തല്‍.
