ഇംഫാല്‍: കോണ്‍ഗ്രസും ബിജെപിയും മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയരിക്കെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി രാജ്ഭവന്‍. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഗവർണർ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രി ഗവർണറെ കണ്ടിരുന്നു. അപ്പോഴാണ് ചട്ടപ്രകാരം രാജി സമർപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള വഴിയൊരുക്കാൻ ഗവർണർ ഇബോബി സിങ്ങിനോട് ആവശ്യപ്പെട്ടത്.
നേരത്തെ, മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ഇബോബി സിങ്ങിനെ ഗവർണർ ക്ഷണിച്ചതായി വാർത്ത വന്നിരുന്നു. ശനിയാഴ്ചയ്ക്കു മുൻപ് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുകൂടിയായ ഒക്രം ഇബോബി സിങ്ങിനോട് ഗവർണർ നജ്മ ഹെപ്ത്തുള്ള ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ തനിക്ക് 28 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയി(എന്‍പിപി)ലെ നാലു എംഎല്‍മാര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ഇബോബി സിംഗ് ഗവര്‍ണറെ അറിയിച്ചിരുന്നു.
എന്‍പിപി പിന്തുണ അറിയ്ക്കാനായി ഇബോബി സിംഗ് എംഎല്‍എമാരുടെ പിന്തുണക്കത്ത് നല്‍കിയെങ്കിലും എംഎല്‍മാരെ നേരിട്ട് ഹാജരാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍പിപി എംഎല്‍മാരെ കാണാതെ പിന്തുണക്കത്ത് കൊണ്ട് മാത്രം ഇബോബി സിംഗിന് പിന്തുണയുണ്ടെന്ന് ഉറപ്പിക്കാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതായി രാജ്ഭവന്‍വൃത്തങ്ങള്‍ വ്യക്തമാക്കി.
60 അംഗ സഭയിൽ 28 സീറ്റു കരസ്ഥമാക്കിയ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാർട്ടികളുടെ പിന്തുണകൂടി വരുന്നതോടെ ബിജെപിക്കാണു സാധ്യതയെന്നാണ് വിലയിരുത്തൽ. 31 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപിക്ക് 21 സീറ്റുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കും നാഗാ പീപ്പിൾസ് ഫ്രണ്ടിനും നാലു സീറ്റു വീതമുണ്ട്. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കും തൃണമൂൽ കോണ്‍ഗ്രസിനും ഒരോ സീറ്റുണ്ട്. ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പിന്തുണ ഇരുപാർട്ടികളും അവകാശപ്പെടുന്നുമുണ്ട്.
