തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറും ചീമുട്ടയേറും നടന്നതായും സംഘത്തിലുള്ള വസുമതി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനാകാതെ തിരുവനന്തപുരത്തുനിന്ന് മടങ്ങിയ മനിതി സംഘത്തിന് നേരെ ആക്രമണം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് തമിഴ്നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങിയ സംഘത്തിന് നേരെ യാത്രയ്ക്കിടയിലാണ് ആക്രമണം. തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും ആര്‍എസ്എസുകാര്‍ എത്തുന്നുണ്ടെന്നും ഇവര്‍ തങ്ങളെ ട്രെയിനില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയാണെന്നും മനിതി സംഘത്തിലുള്ള വസുമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഓരോ സ്റ്റേഷനിലുമെത്തുമ്പോള്‍ ട്രെയിനിന്‍റെ വാതിലില്‍ ഇടിച്ചുകൊണ്ട് തെറി വിളിക്കുകയാണ്. ട്രെയിനില്‍നിന്ന് ഇറങ്ങി വരാനും ആവശ്യപ്പെടുന്നു. ചില സ്റ്റേഷനുകളില്‍ ഇവര്‍ സഞ്ചരിക്കുന്ന കംപാര്‍ട്ടുമെന്‍റിന് നേരെ രൂക്ഷമായ ചീമുട്ടയേറും ഉണ്ടായി. തങ്ങള്‍ സഞ്ചരിക്കുന്ന ട്രെയിനില്‍തന്നെ അക്രമികള്‍ കയറിയിട്ടുണ്ടെന്നും വസുമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് കേരളാ പൊലീസിന്‍റെ ചെറു സംഘവും മനിതി പ്രവര്‍ത്തകരെ അനുഗമിക്കുന്നുണ്ട്.
ഓരോ സ്റ്റേഷനും അടുക്കുമ്പോള്‍ ട്രെയിനിന് ഉളളിലുളളവര്‍ കൊടുക്കുന്ന സന്ദേശമനുസരിച്ചാണ് അക്രമികള്‍ എത്തുന്നതെന്ന് വസുമതി പറഞ്ഞു. ട്രെയിനില്‍ തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നും കൂടുതല്‍ സംരക്ഷണം വേണമെന്നുമാണ് മനിതി സംഘത്തിന്‍റെ ആവശ്യം.
മുഖ്യമന്ത്രിയെ കാണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തിന് നേരെ ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
വസുമതി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടര്‍ന്ന് ഇവര്‍ ഇന്ന് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ചാ സംഘം എത്തിയത്.
മുഖ്യമന്ത്രിയുമായുള്ള സന്ദര്‍ശനത്തിന് ഇന്ന് അവസരം തേടാനിരിക്കെയാണ് മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നംഗ സംഘം തിരികേ പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഈ സമയത്ത് വനിതകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തിചേരുകയായിരുന്നു.
അസഭ്യം നിറഞ്ഞ വാക്കുകളോടെയായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി വാതിലും ജനലുകളും അടക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് പുറമെയാണ് യാത്രയ്ക്കിടയിലും ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
