എല്ലാം അയ്യപ്പനിൽ സമർപ്പിച്ചാണ് മല കയറിയതെന്നും നിരവധി ഭക്തര്‍ക്കൊപ്പമാണ് പോയതെന്നും എവിടെയും പ്രതിഷേധമുണ്ടായില്ലെന്നും ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെടുന്ന മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്.
കോട്ടയം: എല്ലാം അയ്യപ്പനിൽ സമർപ്പിച്ചാണ് മല കയറിയതെന്നും നിരവധി ഭക്തര്‍ക്കൊപ്പമാണ് പോയതെന്നും എവിടെയും പ്രതിഷേധമുണ്ടായില്ലെന്നും ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെടുന്ന മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്. മല കയറുന്നതിനിടെ ഉച്ചത്തിലുള്ള നാമജപം കേട്ട് തനിക്കെതിരായ പ്രതിഷേധമാണോ എന്ന് ഞാന്‍ കരുതി. എന്നാല്‍ എല്ലാം അയ്യപ്പനില്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട് യാത്ര തുടരുകയായിരുന്നു- മഞ്ജു പറഞ്ഞു.
പതിനെട്ടാം പടി ചവിട്ടി തന്നെയാണ് മല ചവിട്ടിയത്. പൊലീസിനെ അറിയിക്കണമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് ദര്‍ശനം നടത്താന്‍ സാധിക്കില്ലായിരുന്നു.
യാത്രയില്‍ പലര്‍ക്കും എന്നെ മനസിലായിട്ടുണ്ട്. അടുത്ത് വന്ന് വെള്ളം തന്നു.
മഞ്ജുവാണോ എന്ന് ചോദിച്ച് ഉറപ്പിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ആരും പ്രതിഷേധവുമായി വന്നില്ല. എന്നെ മനസിലാക്കിയെന്ന് അറിഞ്ഞപ്പോള്‍ അവരുടെ നീക്കങ്ങള്‍ എന്താണെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പൂജാ ദ്രവ്യങ്ങളെല്ലാം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞൾപ്പൊടിയും നെയ്ത്തേങ്ങയുമൊക്കെ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് ശബരിമലയിൽ ഉണ്ടായിരുന്ന മറ്റ് ഭക്തർ പറഞ്ഞുതന്നു. അയ്യപ്പ സേവാ സമാജത്തിന്‍റെ സഹായം തേടിയാണ് കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയതെന്നും മഞ്ജു പറഞ്ഞു.
നിലയക്കലെത്തിയപ്പോള്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് കണ്ടു. യുവതികളെ പമ്പയിലെത്താതെ പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോവുകയാണ്. കഴിഞ്ഞ വട്ടം പമ്പയിലെത്തിയപ്പോള്‍ തനിക്ക് സംരക്ഷണം നല്‍കിയ ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകരാണ് ഇത് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിനും എന്നെ മനിസിലായില്ലെന്നും മഞ്ജു പറഞ്ഞു.

