മല കയറിയത് പൊലീസ് സംരക്ഷണമില്ലാതെയെന്ന് മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ട: മല കയറിയത് പൊലീസ് സംരക്ഷണമില്ലാതെയെന്ന് മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപ്പന്തലിലൂടെ നടന്ന് പതിനെട്ടാം പടി കയറി ശബരിമലയിൽ ദർശനം നടത്തിയെന്ന് മഞ്ജു പറഞ്ഞു. തനിക്ക് പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്.പി മഞ്ജു. 

നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓൺലൈൻ ഗ്രൂപ്പിന്‍റെ സഹായം തനിക്കുണ്ടായിരുന്നു. അയ്യപ്പനിൽ സമർപ്പിച്ചായിരുന്നു ശബരിമല യാത്ര തൃശൂരിൽ നിന്ന് തിരിച്ചത്. ആരുടേയും പ്രതിഷേധം വഴിയിൽ ഉണ്ടായില്ല. ആചാരസംരക്ഷകർ എന്നുപറഞ്ഞ് ശബരിമലയിൽ നിൽക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടി. പൂജാദ്രവ്യങ്ങൾ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞൾപ്പൊടിയും നെയ്ത്തേങ്ങയുമൊക്കെ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് ശബരിമലയിൽ ഉണ്ടായിരുന്ന മറ്റ് ഭക്തർ പറഞ്ഞുതന്നുവെന്നും മഞ്ജു പറഞ്ഞു.

മഞ്ജു ഇതിനു മുന്‍പും ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' വിശദീകരിക്കുന്നു.