കൊച്ചി: കൊച്ചിയില്‍ വാഹനത്തില്‍വെച്ച് അക്രമിക്കപ്പെട്ട നടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അഭിനന്ദിച്ച് മഞ്ജു വാര്യർ. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാമെന്നും പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണെന്നും മഞ്ജു ഫേസ്ബുക്കില്‍ പറഞ്ഞു.

കൂടാതെ നടിയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന് ശക്തമായ പിന്തുണ നൽകിയ പൃഥ്വിരാജിനെയും മഞ്ജു അഭിനന്ദിച്ചു. പൃഥ്വിയുടെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും മഞ്ജു പറഞ്ഞു.

പൃഥ്വിരാജ് നായകനായ ആദം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. പതിനൊന്നരയോടെ ചിത്രീകരണ സ്ഥലത്തെത്തിയ നടിക്ക് പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ പിന്തുണയുമായി എപ്പോഴും കൂടെ ഉണ്ടായിരുന്നു. സിനിമയുടെ ആദ്യഘട്ട ചിത്രീകരണമാണ് കൊച്ചിയിൽ തുടങ്ങിയത്.