ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പാര്‍ട്ടിയിലെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഡാര്‍ലിംഗാണ് രാഹുലെന്ന് മന്‍മോഹന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം രാഹുലിനെ പുകഴ്ത്തി സംസാരിച്ചത്. 

ഇതുവരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുക എന്നതാണ് രാഹുലിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് മന്‍ മോഹന്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി ഇന്ന് സമര്‍പ്പിച്ച പത്രികകളില്‍ ആദ്യത്തേതില്‍ ഒപ്പിട്ടത് മന്‍മോഹന്‍സിംഗായിരുന്നു മറ്റൊന്നില്‍ സോണിയാ ഗാന്ധിയും. മന്‍മോഹനേയും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയത്.