2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല
ദില്ലി: ഭരണപരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ് നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കൃഷി, സാമ്പത്തിക രംഗങ്ങളിലും അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്‍റെ ഷേഡ‍്സ് ഓഫ് ട്രൂത്ത് - ഏ ജേര്‍ണി ഡീറെയ്‍ല്‍ഡ് എന്ന പുസ്കത്തിന്‍റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ കാര്‍ഷിക രംഗത്ത് സംഭവിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പുസ്തകമാണ് ഷേഡ‍്സ് ഓഫ് ട്രൂത്ത് - ഏ ജേര്‍ണി ഡീറെയ്‍ല്‍ഡ്.
കഴിഞ്ഞ നാല് വര്‍ഷത്തെ മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഈ പുസ്കമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
വ്യവസായ രംഗത്ത് കൊണ്ട് വന്ന മെയ്ക്ക് ഇന്‍ ഇന്ത്യക്കും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യക്കും അര്‍ഥവത്തായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. വിദേശത്തുള്ള കള്ളപ്പണം എത്തിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ല. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സുരക്ഷിതമല്ലാത്ത സാഹചര്യമായി മാറി.
അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി വഷളായിരിക്കുകയാണ്. രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് അവര്‍ 2014ല്‍ പറഞ്ഞത്. എന്നാല്‍, രാജ്യത്തെ തൊഴില്‍ വളര്‍ച്ചാ നിരക്ക് നാല് വര്‍ഷമായി കുറയുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
