Asianet News MalayalamAsianet News Malayalam

ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ അജണ്ട, നരേന്ദ്ര മോദിക്ക് മന്‍മോഹന്‍ സിങ്ങിന്‍റെ കത്ത്

ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന് മാത്രമല്ല, മുഴുവൻ രാജ്യത്തിനും വേണ്ടപ്പെട്ടവനായിരുന്നു. ആ പ്രസരിപ്പ്‌ നിന്നാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത് എന്ന കുറിപ്പോടെ കഴിഞ്ഞയാഴ്ച്ചയാണ് മന്‍മോഹന്‍സിങ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ആറ് വര്‍ഷം ഭരണത്തിലുണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പോലും നെഹ്‌റു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിച്ചിട്ടില്ല. 

Manmohan Singh writes to Modi requesting do not disturb Nehru Memorial Museum and Library
Author
Delhi, First Published Aug 27, 2018, 10:33 AM IST

ദില്ലി: ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായി സമർപ്പിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ തീൻ മൂർത്തി സമുച്ചയത്തിന്റെയും നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും മുഖഛായ മാറ്റാനുള്ള കേന്ദസർക്കാർ തീരുമാനത്തിനെതിരെ മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. സമുച്ചയത്തിന്റെയും മ്യൂസിയത്തിന്റെയും "സ്വഭാവവും രൂപവും" മാറ്റാനുള്ള 'അജൻഡ' എന്ന വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മൻമോഹൻസിങ്ങ് ഉന്നയിച്ചത്. 

ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന് മാത്രമല്ല, മുഴുവൻ രാജ്യത്തിനും വേണ്ടപ്പെട്ടവനായിരുന്നു. ആ പ്രസരിപ്പ്‌ നിന്നാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത് എന്ന കുറിപ്പോടെ കഴിഞ്ഞയാഴ്ച്ചയാണ് മന്‍മോഹന്‍സിങ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ആറ് വര്‍ഷം ഭരണത്തിലുണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പോലും നെഹ്‌റു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിച്ചിട്ടില്ല. എന്നാൽ അത്യന്തം ഖേദകരം എന്നു പറയട്ടെ, ഇത് തീർത്തും കേന്ദ സർക്കാരിന്റെ അജണ്ട തന്നെയാണെന്ന് മന്‍മോഹന്‍സിങ് കത്തില്‍ ചൂണ്ടിക്കാട്ടി. നെഹ്‌റു മരിച്ചപ്പോള്‍ വാജ്‌പേയി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചതും കത്തില്‍ ചേര്‍ത്തിട്ടുണ്ട്. തീന്‍ മൂര്‍ത്തി ഭവനും നെഹ്റു മ്യൂസിയവും എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമായി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കത്ത്. 

Manmohan Singh writes to Modi requesting do not disturb Nehru Memorial Museum and Library

നെഹ്റുവിന്റെ പങ്കും അദ്ദേഹത്തിന്റെ സംഭാവനകളും "ഒരു തരത്തിലുള്ള പുനഃപരിശോധനയ്ക്കും" നശിപ്പിക്കാൻ കഴിയില്ല. വികാരങ്ങളെ മാനിക്കണമെന്നും തീന്‍മൂര്‍ത്തിയെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ മാത്രം സ്മാരകമായി നിലനിര്‍ത്തണമെന്നും   മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു. അതിലൂടെ ചരിത്രത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുക കൂടിയാണ് നാം ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

നെഹ്റു മ്യൂസിയവും തീന്‍മൂര്‍ത്തി ഭവനും മാറ്റുന്നതിനുള്ള നീക്കങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്സിങ് പങ്കെടുത്ത നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ നാല്‍പത്തിമൂന്നാമത് വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. 25 ഏക്കര്‍ വിസ്തൃതിയാണ് തീന്‍മൂര്‍ത്തി ഭവനുള്ളത്. ഇവിടെയാണ് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നത്.    
 

Follow Us:
Download App:
  • android
  • ios