ഇടുക്കി: പോസ്റ്റ് ഓഫീസ് ഉണ്ടോ എന്ന് അടിമാലി ആയിരമേക്കറില്‍ ആരോട് ചോദിച്ചാലും പറയും ഉണ്ടെന്ന്. ഇല്ലേ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നായിരിക്കും ഉത്തരം. അതാണ് മന്നാങ്കണ്ടം തപാല്‍ ആപ്പീസിന്റെ അവസ്ഥ. തപാല്‍ ഓഫീസായി ഒരു കെട്ടിടമുണ്ട്. എല്ലാ ദിവസവും ഉരുപ്പടികള്‍ എത്തും. എത്തിയ ഉരുപ്പടികള്‍ തപാലാപ്പീസില്‍ കിടക്കും. മേല്‍വിലാസക്കാരനെ അന്വേഷിച്ച് ആ ഉരുപ്പടികള്‍ തപാലാപ്പീസിന്റെ പടിയിറങ്ങാറില്ല.
ജോലി സംബന്ധമായ നിയമന ഉത്തരവുകള്‍, ജപ്തി നോട്ടീസുകള്‍ ഒന്നും ഈ തപാലാപ്പീസിന്റെ പടികടക്കില്ല. ജപ്തി നോട്ടീസിന് പുറകേ ജപ്തിക്കായി ആമീനെത്തുമ്പോഴാകും അറിയുക, നോട്ടീസ് നേരത്തെ അയച്ചിട്ടുണ്ടായിരുന്നെന്ന്. ചോദിച്ച് തപാലാപ്പീസിലെത്തിയാല്‍ ഉരുപ്പടിയെത്തിക്കാന്‍ ആളില്ലെ ഒറ്റ പല്ലവി മാത്രം.
മന്നാങ്കണ്ടം തപാല്‍ ആപ്പീസിന്റെ ചുമതലയുള്ള പോസ്റ്റ് മാസ്റ്റര്‍ ഒരു മാസത്തിലേറയായി ഓഫീസിലെത്തിയിട്ട്. മന്നാങ്കണ്ടം പോസ്റ്റോഫീസില്‍ ജോലിച്ചെയേണ്ടവര്‍ നീണ്ട അവധിക്ക് പ്രവേശിക്കുകയും പിന്നീട് തൊട്ടടുത്തുള്ള അടിമാലി പോസ്റ്റോഫീസില്‍ ജോയിന്‍ ചെയ്യുകയുമാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. വിരമിച്ച പോസ്റ്റ്മാനെ തന്നെ താല്‍ക്കാലികമായി മുമ്പ് മന്നാങ്കണ്ടത്ത് നിയമിച്ചിരുന്നെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹവും ജോലി ഉപേക്ഷിച്ചതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാകന്‍ കാരണം.
രജിസ്റ്റര്‍, പാഴ്‌സല്‍, നിയമന ഉത്തരവുകള്‍ ഉള്‍പ്പെടെയുള്ളവ ഓഫീസില്‍ കൂമ്പരാമായതോടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പോസ്റ്റോഫീസിന് മുമ്പിലെത്തി ബഹളം വയ്ക്കുകയും ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാരുടെ അഭാവംമൂലം ആവശ്യക്കാര്‍ അവരവരുടെ മേല്‍വിലാസത്തിലുള്ള കത്തുകള്‍ സ്വന്തം നിലക്ക് എടുത്തുകൊണ്ട് പോവുകയാണ് ചെയതത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടികള്‍ അവസാനിപ്പിച്ച് നാട്ടുകാരുടെ കത്തിടപാടുകള്‍ സുഗമമാക്കാനുള്ള നടപടി തപാല്‍വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
