ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രത്തിലെ കൂറ്റന്‍ ആല്‍വിളക്കിനും, കൂത്താട്ടുകുളം പള്ളിയിലെ തട്ടുവിളക്കിനുമുന്നിലും ഭക്തി കൈകൂപ്പിനില്‍ക്കും. ഭക്തിക്കുമപ്പുറം അവയുടെ ആകാരം നമ്മേ അത്ഭുതപ്പെടുത്തും സംസ്ഥാന നിയമസഭാ മന്ദിരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ അശോകസ്തംഭവും നമ്മള്‍ നോക്കുനില്‍ക്കും. ഈ വിളക്കുകള്‍ക്കും അശോകസ്തംഭത്തിനും മുന്നില്‍ കൈകൂപ്പുന്ന നമ്മള്‍ അതിനുപിന്നിലെ അറിവിന്റെ ചോരയും നീരും കാണാറില്ല. സമൃദ്ധിയില്‍ നിന്ന് വിസ്മൃതിയിലേക്ക് നീങ്ങുകയാണ് ആ അറിവും ജീവിതങ്ങളും. 

അതേ പേരും പെരുമയും മാന്നാറിലെ ഓട്ടു പാത്രനിര്‍മ്മാതാക്കളെ തേടിവരുകയായിരുന്നു. പരമ്പരാഗതമായ അറിവുകളും തലമുറകൈമാറിയ നിര്‍മ്മാണ രീതികളും ഉപയോഗിച്ച് അവര്‍ വിശ്വാസത്തിനും അപ്പുറത്തേക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും വിശ്വാസിയെ സ്തബ്ധരാക്കിയ ശില്പങ്ങള്‍ ഒരുക്കി, വിശ്വാസത്തിന്റെ മൂര്‍ച്ച രാകിയുറപ്പിച്ചു. കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി. ഒടുവില്‍ ഇന്ത്യയൊട്ടുക്കും ആ ഖ്യാതി വളര്‍ന്നു. ഇത് പഴംങ്കഥ.

ഇന്ന് അരവയര്‍ നിറയ്ക്കാന്‍ പെടാപ്പാട് പെടുകയാണിവര്‍. അസംസ്‌കൃത സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതും, അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓട്ടുപാത്രത്തിന്റെ വരവും, പരമ്പരാഗത വ്യവസായികളോടുള്ള അവഗണനയും ചേര്‍ന്നതോടെ മാന്നാറിലെ ഓട്ടുപാത്ര വ്യവസായം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. മുമ്പ് ഓട്ടുപാത്ര നിര്‍മ്മാണത്തിനായി നൂറിലധികം ആലകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വിരലില്ലെണ്ണാവുന്ന ആലകള്‍ മാത്രം. വരുമാനം നിലച്ചതോടെ, വീടുകളിലെ പട്ടിണിയകറ്റാനായി പരമ്പരാഗത തൊഴിലാളികള്‍ മറ്റ് മേഖലകളിലേക്ക് കുടിയേറി. കുലത്തൊഴില്‍ മുറുകെ പിടിച്ചാല്‍ പട്ടിണിമരണം ഉറപ്പെന്ന നിലവന്നത് പലരെയും ആലകള്‍ ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാന്‍ നിര്‍ബന്ധിതരാക്കി.

മാന്നാറിന്റെ ഓട്ടുപാത്ര വിദഗ്ധരുടെ കരവിരുത് രാജ്യമെമ്പാടുമുണ്ട്. ഡല്‍ഹി, സിംല എന്നിവിടങ്ങളിലെ രണ്ട് ക്ഷേത്രങ്ങളില്‍ ആറടി പൊക്കവും 3000 കിലോ ഭാരവുമുള്ള രണ്ട് കൂറ്റന്‍ ഓട്ടുമണികള്‍ നിര്‍മ്മിച്ചത് മാന്നാറിലെ പഴമുറക്കാരാണ്. ഡല്‍ഹിയിലെ പ്രകൃതി മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന പത്തടി അടി ഉയരമുള്ള വാര്‍പ്പ്, ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ 1500 തിരികള്‍ ഇടാവുന്ന കൂറ്റന്‍ ആല്‍വിളക്ക്, കൂത്താട്ടുകുളം പള്ളിയില്‍ സ്ഥാപിച്ച 7000 കിലോ തൂക്കവും 21 അടിപൊക്കവുമുള്ള തട്ടു വിളക്ക്, സംസ്ഥാന നിയമസഭാ മന്ദിരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ അശോകസ്തംഭം, ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ തുടങ്ങി മാന്നാറിലെ തച്ചന്‍മാരുടെ കരവിരുതിന് ഉദാഹരണങ്ങളേറെയാണ്. 

ഓട്ടുപാത്ര വ്യവസായം സംരക്ഷിക്കുന്നതിനായ് പൈതൃക ഗ്രാമമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും വാക്കായി. നിലവിലെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനായി തൊഴിലാളികള്‍ ചേര്‍ന്ന് മാന്നാര്‍ മെറ്റല്‍ വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാതായതോടെ സൊസൈറ്റി നിശ്ചലമായി. മാന്നാറിലെ ഓട്ടുപാത്ര വ്യവസായത്തിന് പുതുജീവന്‍ വേണം. ഓട്ടുപാത്ര നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ ന്യായവിലയ്ക്ക് എത്തിക്കുകയാണ് ഇതിന്റെ ആദ്യപടി. ചെലവുകുറഞ്ഞ രീതിയിലു നിര്‍മ്മാണം നടത്തുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണം. അതിനാവശ്യമായ സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.