ലൈംഗികപീഡനം എതിർത്തതിനാണ് പ്രതി പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. വ്യാഴാഴ്ച പകൽ കൊന്നതിന് ശേഷം രാത്രിയാണ് ശവശരീരം കുഴിച്ചുമൂടിയത്. പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് പ്രതി.

കോട്ടയം: മണർകാട് അരീപ്പറമ്പിൽ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ കേസിൽ പ്രതി അജേഷ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. മണർകാട് തന്നെയുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ അജേഷിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് അവസാനം വിളിച്ചത് അജേഷിനെ ആയിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ലൈംഗികപീഡനം എതിർത്തതിനാണ് പ്രതി പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. വ്യാഴാഴ്ച പകൽ കൊന്നതിന് ശേഷം രാത്രിയാണ് ശവശരീരം കുഴിച്ചുമൂടിയത്. കയറും ഷാളും ഉപയോഗിച്ചാണ് കൊന്നതെന്നും കൊല്ലുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർ കൈമാറിയിരുന്നു. മൊബൈൽ പ്രണയത്തിനൊടുവിലാണ് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് ഇയാൾ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത്.

ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാൾ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.