മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ലീലാവതി ആശുപത്രി രംഗത്തെത്തി. 

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാവുമെന്നുമായിരുന്നു സമൂഹമാധ്യങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.

ബഹുമാനപ്പെട്ട ഗോവ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതെല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. അദ്ദേഹത്തിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ് ചികിത്സയോടും മരുന്നുകളോടും അദ്ദേഹം നല്ല രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്.... ലീലാവതി ആശുപത്രി പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 

പാന്‍ക്രിയാസ് സംബന്ധമായ അസുഖങ്ങള്‍ക്കാണ് പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളതെന്നും മുന്‍പ്രതിരോധമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതിനിടെ നവിമുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലീലാവതി ആശുപത്രിയിലെത്തി മനോഹര്‍ പരീക്കറെ നേരില്‍ കണ്ടു.