ഒക്ടോബര്‍ മുതലുള്ള ചികിത്സകളുടെ വിശ്രമത്തിനും ശേഷം മണ്ഡോവി നദിയുടെ കുറുകെ നിര്‍മിക്കുന്ന പാലം പണി വിലയിരുത്താനാണ് അദ്ദേഹം ആദ്യം എത്തിയത്

പനാജി: അസുഖബാധിതനായി ഏറെക്കാലം പൊതുവേദിയില്‍ നിന്ന് മാറി നിന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കരുത്തോടെ വീണ്ടും തിരിച്ചെത്തി. ഒക്ടോബര്‍ മുതലുള്ള ചികിത്സകളുടെയും വിശ്രമത്തിനും ശേഷം മണ്ഡോവി നദിയുടെ കുറുകെ നിര്‍മിക്കുന്ന പാലം പണി വിലയിരുത്താനാണ് അദ്ദേഹം ആദ്യം എത്തിയത്.

അതിന് ശേഷം സൗരി നദിലെ പാലം നിര്‍മാണവും അദ്ദേഹം പരിശോധിച്ചു. ഉദ്യോഗസ്ഥര്‍ക്കൊപ്പം പരീക്കര്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗം ബാധിച്ച മനോഹര്‍ പരീക്കറിനെ ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദേശത്ത് ചികിത്സയ്ക്ക് പോയി വന്ന ശേഷമാണ് വീണ്ടും സ്ഥിതി മോശമായതോടെ ഏയിംസില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഡിസ്ചാർജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയിലേക്ക് കൊണ്ട് പോയി. ഏറെ നാള്‍ പൊതുമധ്യത്തില്‍ നിന്ന് മാറി നിന്നതോടെ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഗോവയില്‍ ഉയര്‍ന്നു.

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധവും നടന്നു. ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം. എന്നാല്‍, മനോഹര്‍ പരീക്കറോളം കരുത്തനായ നേതാവിനെ ഗോവയില്‍ കണ്ടെത്താനാകാതെ പോയ ബിജെപി അദ്ദേഹം തിരിച്ചെത്തുമെന്ന വാദം ഉന്നയിച്ച് പിടിച്ചു നില്‍ക്കുകയായിരുന്നു.

Scroll to load tweet…