ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിന് സന്നിധാനത്ത് എത്താൻ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാൽ സുരക്ഷ കൊടുക്കാൻ പൊലീസ് തയ്യാറായിരുന്നു. 

പത്തനംതിട്ട: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിന് സന്നിധാനത്ത് എത്താൻ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാൽ സുരക്ഷ കൊടുക്കാൻ പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളർത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവൻ സുരക്ഷ ഒരുക്കും. എത്തുന്ന ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കും. പൊലീസിന്‍റെ ജോലി അതാണെന്നും ഐജി മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം,പൊലീസ് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. മരക്കൂട്ടം ഭാഗത്തേക്കുളള സുരക്ഷ കൂട്ടുമെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

സുരക്ഷയെക്കരുതി പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ സുഹാസിനി രാജുമായും സഹപ്രവർത്തകൻ കാൾ ഷ്വാസുമായും ഐജി കൂടിക്കാഴ്ച നടത്തി. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് പമ്പയിലെത്തിയ സുഹാസിനി രാജിനെ ആദ്യം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍‌ന്ന് തിരിച്ചിറങ്ങിയ സുഹാസിനി രാജിനെ തെറിവിളിച്ചുകൊണ്ട് പമ്പ വരെ പ്രതിഷേധക്കാര്‍ പിന്തുടര്‍ന്നു. ശരണം വിളിയും തെറിയും ഒപ്പത്തിനൊപ്പം. സുഹാസിനിയെ അനുഗമിച്ച മാധ്യമപ്രവർത്തകരേയും ഭക്തർ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്നുണ്ടായിരുന്നു.