Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകും

manoj sinha may be elect as up cm
Author
First Published Mar 17, 2017, 3:14 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു.

കേശവ് പ്രസാദ് മൗരിയയെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാക്കിയില്ലെന്ന സൂചന ഇന്നലെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ നല്‍കിയിരുന്നു. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഭൂമിഹാര്‍ സമുദായംഗമായ മനോജ് സിന്‍ഹ ഐ ഐ ടി ബിരുദദാരിയാണ്. നാളെ ലക്‌നൗവില്‍ ചേരുന്ന എം.എല്‍.എമാരുടെ യോഗത്തില്‍ മനോജ് സിന്‍ഹയെ നേതാവായി തെരഞ്ഞെടുത്തേക്കും. ഗാസിപ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മനോജ് സിന്‍ഹ. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കിട്ടിയ വിജയം അതേപോലെ 2019ലും ആവര്‍ത്തിക്കാന്‍ ചുരുങ്ങിയ കാലത്തിനിടയില്‍ വലിയ വികസനം തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മോദിയുമായി അടുപ്പമുള്ള ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതും അതുകൊണ്ടുതന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നതിനെ കുറിച്ചൊന്നും അറിയില്ല എന്നായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം. എന്തായാലും 19നാകും ഉത്തര്‍പ്രദേശിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്രസിംഗ് റാവത്തിനെ നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ മുഖ്യമന്ത്രിയായി റാവത്ത് സത്യപ്രതിജ്ഞ ചെയ്യും.

Follow Us:
Download App:
  • android
  • ios