ഗണേഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പിന്റുവിന്റെ ഫ്ലാറ്റിൽ നിന്നും പൊലീസിന് കഠിനമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ഫ്ലാറ്റിന്‍റെ പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ ഓടയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

മുംബൈ: മുംബൈയിൽ പ്രിന്‍റിങ് പ്രസ് ഉടമ ഗണേഷ് കോല്‍ഹാത്ക്കറി(58)ന്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഗണേഷിന്റെ സുഹൃത്തും മുംബൈയിലെ സുബർബൻ സ്വദേശിയുമായ പിന്‍റു കിസാന്‍ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ തുക നൽകാത്തതിനെ തുടർന്നാണ് ഗണേഷിനെ ഇയാൾ കൊലപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. 

ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്‍റുവില്‍ നിന്നും ഗണേഷ് ഒരുലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. ഇതിൽ 40,000രൂപ ഗണേഷ് തിരികെ നൽകുകയും ചെയ്തു. എന്നാൽ ബാക്കി പണം ആവശ്യപ്പെട്ട് നിരവധി തവണ പ്രതി ഗണേഷിനെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. 15ന് പിന്‍റെ ഗണേഷിനെ തന്‍റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി.

പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയിൽ എത്തുകയും ചെയ്തു. ക്ഷുഭിതനായ പ്രതി ഗണേഷിനെ പിടിച്ചുതള്ളുകയും ചുമരിൽ തല ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഗണേഷ് മരിക്കുകയായിരുന്നു. ഗണേഷ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ പിന്റു പിന്നീട് വെട്ടിനുറുക്കിയ ശരീരഭാഗങ്ങൾ ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.