തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളില്‍ മഴ ശക്തിപ്രാപിക്കും. ഇതിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവാരമായിരുന്നു കാലവര്‍ഷമെത്തിയതെങ്കില്‍ ഇത്തവണ നേരത്തെ എത്തി. വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തെത്തുന്നതോടെ മഴ ശക്തി പ്രാപിക്കും. ശക്തമായ കാറ്റുമുണ്ടാകും. തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഇത്തവണ 96 ശതമാനം വരെ മഴ കിട്ടുമെന്നാണ് പ്രവചനം. ഇന്നു പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തീരദേശങ്ങളില്‍ കടലാക്രമണ ഭീഷണിയുണ്ട്. പനിച്ചു വിറയ്ക്കുന്ന സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സ്ഥിതിഗതികള്‍ വഷളാകാനുള്ള സാധ്യതയുണ്ട്. കണ്ണൂരില്‍ വീടും മറ്റും തകര്‍ന്ന് 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്. വ്യാപകമായി കൃഷിനാശവും സംഭവിച്ചു. കോട്ടയം മുണ്ടക്കയത്ത് കനത്ത മഴയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു. വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സമീപത്തെ രണ്ട് വീടുകള്‍ക്കും കേടുപറ്റി.
