ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്ത് ആർഎസ്എസിന് മാത്രം പ്രവർത്തന സ്വാതന്ത്ര്യമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.  എല്ലാ പൗരവകാശ പ്രവർത്തകരെയും ജയിലിലാക്കും. പരാതിപ്പെടുന്നവരെ വകവരുത്തും. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം എന്ന് രാഹുലിൻറെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 

മുംബൈ: ജനുവരിയില്‍ നടന്ന ഭീമാകോരേഗാവ് ജാതി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി റെയ്ഡ് നടത്തി മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് എതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് 3.45 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. റൊമിലെ ഥാപ്പർ, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ, ദേവകി ജെയിൻ, മജ ദരുവാല എന്നിവർ നൽകിയ ഹർജി ആണ് കോടതി പരിഗണിക്കുക.

അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തക സുധാ ഭരദ്വാജിനെ പൂനെയിലേക്ക് കൊണ്ടുപോകുന്നത് ഈ മാസം 30 വരെ പഞ്ചാബ് ഹരിയാന ഹൈക്കോടതി തടഞ്ഞു. അഭിഭാഷകയായ സുധാ ഭരദ്വാജ് വീട്ടുതടങ്കലില്‍ തുടരും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച അറസ്റ്റ് ചെയ്ത വരവര റാവു, അരുണ്‍ ഫെരാരിയാ, വെര്‍ണന്‍ ഗോന്‍ സാവസ് എന്നീ സാമൂഹ്യപ്രവര്‍ത്തകരെ ഉച്ചയ്ക്ക് ശേഷം പൂനെ ശിവാജി നഗര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ പൗരാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലഖയുടെ ട്രാന്‍സിറ്റ് റിമാന്‍ഡ് ചോദ്യം ചെയ്തുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി ഉച്ചതിരിഞ്ഞ് പരിഗണിക്കും. 

വരവര റാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവാല്‍ഖ, വേനോന്‍ ഗോണ്‍സ്ലേവ്‌സ് എന്നിവരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുകള്‍ അറിയിച്ചു.

ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്ത് ആര്‍എസ്എസിന് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. എല്ലാ പൗരവകാശ പ്രവര്‍ത്തകരെയും ജയിലിലാക്കും. പരാതിപ്പെടുന്നവരെ വകവരുത്തും. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം എന്ന് രാഹുലിന്റെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. എകപക്ഷീയവും നിയമവിരുദ്ധമായ നടപടിയുമെന്നാണ് രാമചന്ദ്ര ഗുഹ സംഭവത്തെ വിശേഷിപ്പിച്ചത്.

ഗാന്ധി ജീവിച്ചിരിക്കുകയും മോദി സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, ഇന്ന് അറസ്റ്റിലായ അഭിഭാഷക സുധാ ഭരധ്വാജിന് വേണ്ടി ഗാന്ധി അഭിഭാഷക വേഷം അണിഞ്ഞേനെ എന്നാണ് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയെന്നായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കുന്നു. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. ഇല്ലെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകും എന്നും അരുന്ധതി റോയി പറഞ്ഞു.