മലപ്പുറം: നിലമ്പൂര്‍  കാടുകളില്‍ മാവോയിസ്‌ററുകള്‍ വീണ്ടും ചുവടുറപ്പിക്കുന്നു. പോലീസും തണ്ടര്‍ബോള്‍ട്ടും കാട്ടില്‍ നടത്തിയിരുന്ന തെരച്ചിലുകള്‍ നിര്‍ത്തിയതും രണ്ട് മാവോയിസ്‌ററുകള്‍ മരിക്കാനിടയായ സംഭവത്തിലുണ്ടായ സഹതാപതരംഗവും ഇപ്പോള്‍ മാവോയിസ്‌ററുകള്‍ക്ക് അനുകൂലസാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ച് സംഘം പ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തിന് ശേഷം ഇതുവരെ തണ്ടര്‍ ബോള്‍ട്ട് സംഘം കാട്ടില്‍ തങ്ങി തെരച്ചില്‍ നടത്തിയിട്ടില്ല. പകല്‍ മാത്രം കാട്ടില്‍ നടത്തിയിരുന്ന തെരച്ചിലും നിര്‍ത്തിയിരിക്കുകയാണ്. തണ്ടര്‍ബോള്‍ട്ട് സംഘവും  പൊലീസും മാവോയിസ്‌ററുകളെ തെരഞ്ഞു കാടു കയറിയിട്ടു തന്നെ മാസം ഒന്നു കഴിയുന്നു. കാടുകയറിയുള്ള തെരച്ചില്‍ ഇനി വേണ്ടെന്ന് തണ്ടര്‍ബോള്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

മാവോയിസ്‌ററുകളുടെ മരണം ഭരണമുന്നണിക്കകത്തും പുറത്തും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് ആദിവാസി സമൂഹത്തിനിടയിലും  മാവോയിസ്റ്റുകളോട് സഹതാപമുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഇത് ആദിവാസി ഊരുകളില്‍ പൊലീസ്  ഉണ്ടാക്കിയിരുന്ന സ്വാധീനം ഏറെക്കുറെ  ഇല്ലാതാക്കാനും വഴിയൊരുക്കി. ആദിവാസി ഊരുകളിലെത്തി കളാസുകള്‍ എടുക്കന്നതടക്കമുള്ള നടപടികള്‍ ഇപ്പോഴില്ലെങ്കിലും 
മാവോയിസ്‌ററുകള്‍ നിത്യേന ആദിവാസികള്‍ക്കിടയിലെത്തുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പാലക്കാട് അഗളി  വനമേഖലയില്‍ നടന്ന മാവോയിസ്‌ററുകളുടെ യോഗത്തില്‍ 90 ലധികം പേര്‍ പങ്കെടുത്തിരുന്നതായി പോലീസന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു മലയാളികളടക്കം നിരവധി പേര്‍ സംഘടനയില്‍ ചേര്‍ന്നതായും പൊലീസിന് വിവരമുണ്ട്. ഈ മെയ്ദിനത്തില്‍ മാവോയിസ്‌ററുകള്‍ അട്ടപ്പാടി മേഖലയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ചുരുക്കത്തില്‍ അനുകൂലമായ അന്തരീക്ഷം ഒരുങ്ങിയതോടെ  നിലമ്പൂര്‍ വെടിവെപ്പിലെ മരണത്തിനടക്കം പകരം വീട്ടാന്‍ മാവോയിസ്‌ററുകള്‍  തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് 200ലധികം വരുന്ന തണ്ടര്‍ബോള്‍ട്ട് സംഘവും പൊലീസും.