ഇപി ജയരാജനെതിരെ മാവോയിസ്റ്റ് പ്രസിദ്ധീകരണം എംഎല്‍എയുടെ തനിനിറം ആദിവാസികള്‍ തിരിച്ചറിയുന്നു


കണ്ണൂര്‍: ആദിവാസി കോളനിയില്‍ തുടങ്ങിയ ക്വാറിക്ക് ഇ.പി ജയരാജൻ എംഎൽഎ അനകൂല നിലപാട് സ്വീകരിക്കുന്നതിനെതിരെ മാവോയിസ്റ്റ് പ്രസിദ്ധീകരണം. കണ്ണൂർ നിടുംപൊയിലിലെ ചേക്കേരി ആദിവാസിക്കോളനിയിലെ ക്വാറിക്ക് അനുകൂലമായി ഇ.പി ജയരാജൻ നിലപാട് സ്വീകരിക്കുന്നുവെന്നും എംഎല്‍എയുടെ തനിനിറം തിരിച്ചറിഞ്ഞിരിക്കുന്നെന്നും മോവിയ്സ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീയില്‍ ആരോപിക്കുന്നു.

 വര്‍ഷങ്ങളായി ആദിവാസികള്‍ സമരം ചെയ്യുന്ന ക്വാറിമാഫിയക്ക് ഇ പി ജയരാജന്‍ പിന്തുണ നല്‍കുന്നുവെന്നാണ് കാട്ടുതീയുടെ വിമര്‍ശനം. ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ എംഎല്‍എ ഇതുവരെ ശ്രമിച്ചിട്ടില്ല. മാത്രമല്ല ക്വാറിക്ക് നേരെ ആക്രമണം നടന്നപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സുരക്ഷ ഒരുക്കാനും എംഎല്‍എ മറന്നില്ലെന്ന് മാവോയിസ്റ്റുകള്‍ വിമര്‍ശിക്കുന്നു. ക്വാറി മാഫിയയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന എംഎല്‍എ ആദിവാസി ജനങ്ങളുടെ അവകാശ സംബന്ധിച്ച ഐക്യരാഷ്ട്ര അവകാശ പ്രഖ്യാപന ദിനം കോളനിയില്‍ ആചരിച്ചതിനെയും പരിഹസിക്കുന്നു.

നാടകം കൊള്ളാമെന്നും ഇരയുടെ പിന്നാലെ വേട്ടക്കാരോടൊപ്പം ഓടുകയും ഇരകളോടൊപ്പം കിതക്കുകയും ചെയ്യുന്ന എംഎല്‍എയുടെ തനി നിറം ആദിവാസികള്‍ തിരിച്ചറിയുന്നുണ്ടെന്നും അത് മറച്ചുവയ്ക്കാനാവില്ലെന്നുമുള്ള മുന്നറിയിപ്പോടെയാണ് വിമര്‍ശനം അവസാനിക്കുന്നത്. ക്വാറി ഉള്‍പ്പെടുന്ന നിടുംപൊയില്‍ വനമേഖലയില്‍ മൂന്ന് വര്‍ഷം മുന്‍പ് മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ പങ്ക് വ്യക്തമായ സാഹചര്യത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സുരക്ഷ ഒരുക്കിയിരുന്നു. ഈ നടപടിയെയയാണ് അടുത്തിടെ പുറത്തിറക്കിയ കാട്ടുതീയില്‍ വിമര്‍ശിക്കുന്നത്. താമരശേരിയിലെ പുതിപ്പാടി ആദിവാസികോളനിയില്‍ ഈ ലംഘുലേഖ വിതരണം ചെയ്തിരുന്നു.