ദില്ലി: മാവോയിസ്റ്റുകളുടെ മുഖ്യ ശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം 'കമ്യൂണിസ്റ്റ്' ആദ്യലക്കത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. കേരള തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംക്ഷന്‍ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രു പിണറായിയാണെന്ന് 'കമ്യൂണിസ്റ്റ് ' വ്യക്തമാക്കുന്നു.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച പൊലീസ്രാജിനെ സിപിഎം നേതൃത്വം നഗ്‌നമായി പിന്തുണച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു. കേന്ദ്രത്തിലെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സര്‍ക്കാരും പിന്തുടരുന്നതെന്ന് മാവോയിസ്റ്റ് മുഖപത്രം വിമര്‍ശിക്കുന്നു. 

ബിജെപിയും സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകള്‍ കേവലം പാര്‍ലമെന്ററി ഗിമ്മിക്കുകള്‍ മാത്രമാണ്. യാഥാര്‍ഥ്യത്തില്‍ സിപിഎമ്മും ബിജെപിയും സാമ്രാജ്യത്വ ശക്തികളെ അനുകൂലിച്ചു ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയാണെന്നും ആരോപിക്കുന്നു. നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും മാവോയിസ്റ്റ് മുഖപത്രം വ്യക്തമാക്കുന്നു.

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേരള പൊലീസിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഐബിയുടെ മുന്നറിയിപ്പ്.