വയനാട് സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് പൊലീസ്. മാവോയിസ്റ്റുകളെ  പ്രതിരോധിക്കാനായി വേണ്ട നടപടികള്‍ ഇന്നു ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ  യോഗത്തില്‍ തീരുമാനിക്കും. ഇതിനിടെ സുഗന്ധഗിരിയില്‍  പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സികെ ശശീന്ദ്രന്‍ എംഎല്‍എയും രംഗത്തെത്തി. 

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് പൊലീസ്. മാവോയിസ്റ്റുകളെ പ്രതിരോധിക്കാനായി വേണ്ട നടപടികള്‍ ഇന്നു ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കും. ഇതിനിടെ സുഗന്ധഗിരിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സികെ ശശീന്ദ്രന്‍ എംഎല്‍എയും രംഗത്തെത്തി.

മാസങ്ങളായി സുഗന്ധഗിരിയില്‍ മാവോയിസ്റ്റുസാന്നിധ്യമുണ്ട്. രാത്രികാലങ്ങളില്‍ ഇവര്‍ തോക്കുമായെത്തുന്നതിനാല്‍ പിടികൂടാന്‍ തടസമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സുഗന്ധഗിരിയിലെ നാല് ഗ്രാമങ്ങളിലും പോലീസെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ദുരിതാശ്വാസ സഹായമായി ലഭിച്ച ആഹാരാസാധനങ്ങളടക്കം എടുത്തുകൊണ്ടുപോയ സംഭവം പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. 

ഇതിന്‍റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തിരുമാനം. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവയുടെ സഹായം തേടും. ഇന്നുചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമാവുക. 

ഇതിനിടെ സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തുന്നത് പോലീസിന്‍റെ ജാഗ്രതകുറവുമൂലമാണെന്നാണ് കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറയുന്നത്. പ്രദേശത്ത് രാത്രികാല പോലീസ് പെട്രോളിംഗ് വേണമെന്ന ആദിവാസികളുടെ ആവശ്യം. രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്.