തിരുവനന്തപുരം: ചിരിയുടെ മെത്രാപൊലീത്ത നൂറിന്റ നിറവില്‍. മാര്‍ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം - കൊല്ലം ഭദ്രാസാനങ്ങള്‍ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വീടില്ലാത്തവര്‍ക്ക് വീട്, കല്യാണ സഹായ പദ്ധതി എന്നിവയാണ് ജന്മദിന സമ്മാനങ്ങള്‍. നിലപാടുകള്‍കൊണ്ടും ചിന്താഗതികള്‍ കൊണ്ടും വ്യത്യസ്തനാണ് മാര്‍ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മദിന സന്ദേശത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും സ്വീകാര്യനായ മതമേലധ്യക്ഷനാണ് ക്രിസോസ്റ്റമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍. കേരളീയ സമൂഹത്തിന്റെ കെടാവിളക്കാണ് തിരുമേനിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്രിസോസ്റ്റത്തിന്റെ ജീവിതം അനുകരണീയമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ശതാബ്ദി ആഘോഷ നിറവിലും നര്‍മം കൈവിടാതെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

27നാണ് ജന്മദിനം. ബ്ലെസി സംവിധാനം ചെയ്യുന്ന 36 മണിക്കൂര്‍ നീളുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പ്രകാശനവും ക്രിസോസ്റ്റത്തിന്റെ ചിത്രമുള്ള സ്റ്റാംപും ചടങ്ങില്‍ പ്രകാശനം ചെയ്തു.