കോഴിക്കോട്: രണ്ടാം മാറാട് കലാപത്തില്‍ ലീഗ് നേതാക്കളെ പ്രതി ചേര്‍ത്തതോടെ മുസ്ലീം ലീഗ് നേതൃത്വം  പ്രതിരോധത്തിലാകുന്നു. തുടക്കം മുതല്‍ ആരോപണമുയര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിയെയടക്കം പ്രതിചേര്‍ത്താണ് സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയേയും തന്നെയും അപമാനിക്കാനുള്ള ശ്രമമാണെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മായിന്‍ഹാജി കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാറാട് അക്രമം അഴിച്ചുവിടാന്‍ ലീഗ് നേതാക്കളായ പ്രതികള്‍ ഗൂഡാലോചന നടത്തി, കലാപകാരികള്‍ക്ക് പണവും സഹായവും നല്‍കി തുടങ്ങിയ കുറ്റങ്ങളാണ്  സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. മായിന്‍ ഹാജിക്കുപുറമെ അന്നത്തെ വാര്‍ഡ് മെംബര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പി പി മൊയ്തീന്‍ കോയ, മാറാട് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

കലാപത്തില്‍ പങ്കില്ലെന്നും, രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണ് താനെന്നുമാണ് ലീഗ് സംസ്ഥാനസെക്രട്ടി മായിന്‍ ഹാജിയുടെ പ്രതികരണം. അന്വേഷണം നേതാക്കളിലേക്ക് നീങ്ങുന്നതോടെ മുസ്ലീംലീഗ് ലീഗ് സമ്മര്‍ദ്ദത്തിലാവുകയാണ്. കേസിന്റെ ആദ്യനാളുകളില്‍ കേന്ദ്ര ഏജന്‍സിയുടെ  അന്വേഷണത്തില്‍  ലീഗ് തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം വഴിതിരിച്ചുവെന്ന ആക്ഷേപവും ലീഗ് കേട്ടു.

കൂടുതല്‍ അന്വേഷണത്തിനായി മാറാട് പ്രത്യേക ക്യാമ്പ് തുറക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. കേന്ദ്രത്തിലും , കേരളത്തിലും അനുകൂലാന്തരീക്ഷമല്ലാത്ത ഈ സാഹചര്യത്തില്‍ നേതാക്കളിലേക്കുള്ള സിബിഐ അന്വേഷണം പാര്‍ട്ടിക്ക് തലവേദനയാകും.