മരട് : നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നൽകി ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മരട്  നഗരസഭാ കൌൺസിലർമാർ. നഗരസഭയുടെ ദൈന്യംദിന കാര്യങ്ങൾ ആര് ചെയ്യണം എന്നതിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാണ്ടിയാണ് സെക്രട്ടറിയുടെ നിയമനത്തെ കൌൺസിലർമാർ എതിർക്കുന്നത്. മരട് നഗരസഭാ സെക്രട്ടറിയെ നീക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നും നഗരസഭ കൌൺസിലർമാർ ചൂണ്ടിക്കാട്ടി. ഒരു നഗരസഭയ്ക്ക് രണ്ട് സെക്രട്ടറിമാർ ആവശ്യം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കൌൺസിലർമാർ. ഈ സാഹചര്യത്തിൽ നഗരസഭ സെക്രട്ടറി ചുമതലയിലുള്ള അവ്യക്തത അറിയിക്കാൻ നഗരസഭാ ചെയപേഴ്സൺ ചീഫ് സെക്രട്ടറിയെ കാണും.

ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ മാത്രമേ തനിക്ക് ഏറ്റെടുക്കാൻ കഴിയൂ എന്ന് സ്നേഹിൽ കുമാർ സിംഗ് അറിയിച്ചതായി നഗരസഭ ചെയർപേഴ്സൺ ടി.എച്ച്.നദീറ വ്യക്തമാക്കി. സ്നേഹിൽ കുമാർ സിംഗിന്റെ ഈ നിലപാടും  നഗരസഭ അധികൃതരിൽ അനിഷ്ടം ഉണ്ടാക്കിയെന്നാണ് സൂചന. മരട് മുൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥനാണ് സ്നേഹിൽ കുമാർ സിംഗ്.

Read More: മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾ

അതെ സമയം പുലർച്ചെയെത്തി ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടിയെയും നഗരസഭ കൌൺസിലർമാർ എതിർത്തു. പുലർച്ചെയെത്തി ഫ്ലാറ്റുകളിൽ രഹസ്യമായി വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് നഗരസഭാ കൌൺസിലർമാർ പറഞ്ഞു. ഫ്ലാറ്റിൽ താമസിക്കുന്നവർ തീവ്രവാദികളല്ലെന്നും കൌൺസിലർമാർ പ്രതികരിച്ചു. ചാനലിൽ വന്നപ്പോഴാണ് താൻ കാര്യങ്ങൾ അറിഞ്ഞതെന്നായിരുന്നു നഗരസഭ ചെയർപേഴ്സൺ ടി.ച്ച് നദീറയുടെ പ്രതികരണം.

Read More : മരട് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തി, കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഫ്ലാറ്റ് ഉടമകൾ