നേരത്തെയും സമാന ആരോപണം മറഡോണയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്
മോസ്കോ: ലോകകപ്പിലെ അര്ജന്റീനയുടെ ആദ്യ മത്സരം കാണാനെത്തിയ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്കെതിരെ വീണ്ടും കടുത്ത ആരോപണം ഉയരുന്നു. ആവേശം മൂത്തപ്പോള് പുക വലിച്ച താരം അതിന് മാപ്പ് പറഞ്ഞ് തടിയൂരാന് ശ്രമിച്ചപ്പോള് വംശീയ അധിക്ഷേപം നടത്തിയെന്നുള്ള പുതിയ വിവാദമാണ് തലപ്പൊക്കിയിരിക്കുന്നത്. മൈതാനത്ത് മെസിയും കൂട്ടരും ജയത്തിനായുള്ള പഴുതന്വേഷിക്കുമ്പോള് ക്യാമറക്കണ്ണുകള് ഇടയ്ക്കിടെ മറഡോണയെയും ഒപ്പുന്നുണ്ടായിരുന്നു. മെെതാനത്ത് അര്ജന്റീന വിയര്ത്തപ്പോള് ഗ്യാലറിയിലിരുന്ന് സിഗരറ്റ് പുകയ്ക്കുന്ന ഇതിഹാസത്തെ ലോകം മുഴുവൻ കണ്ടു.
പുകവലിരഹിത മേഖലയെന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചിടത്ത് ഇരുന്നായിരുന്നു താരം പുക ഊതി വിട്ടത്. എന്നാൽ, പുകവലി പാടില്ലെന്ന നിയമം താൻ അറിഞ്ഞില്ലെന്ന വിശദീകരണം പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. തെറ്റ് പറ്റിയെന്നും മാപ്പാക്കണമെന്നും പറഞ്ഞതോടെ ആ പ്രശ്നം ഒന്ന് ഒതുങ്ങി. പക്ഷേ തെക്കൻ കൊറിയൻ ആരാധകരെ നോക്കി വംശീയമായി കളിയാക്കും വിധം ആംഗ്യം കാട്ടിയെന്ന് ബിബിസി റിപ്പോർട്ടർ ജാക്കി ഓറ്റ്ലി ട്വീറ്റ് ചെയ്തതോടെയാണ് മറഡോണ വീണ്ടും കുടുങ്ങിയത്.

ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്ത ശേഷം കൊറിയക്കാരുടെ കണ്ണുകളെ മറഡോണ കളിയാക്കിയത്രേ. ട്വീറ്റിന് താഴെ മറഡോണയുടെ ആരാധകർ ന്യായീകരണവുമായി എത്തുന്നുണ്ട്. സാംസ്കാരികമായ വ്യത്യാസമുള്ള രാജ്യങ്ങൾക്കിടയിൽ ആംഗ്യങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുകയാണെന്നാണ് അവര് വാദിക്കുന്നത്. ചൈനീസ് പ്രീമിയർ ലീഗ് ഫുട്ബോളിന്റെ പ്രചാരണാർഥം ചൈനയിലെത്തിയപ്പോഴും സമാന വിവാദത്തിൽ മറഡോണ പെട്ടിരുന്നു. ഏതായാലും വിശദീകരണം നൽകാൻ മറഡോണ ഇതുവരെ തയാറായിട്ടില്ല.
