ഇംഗ്ലീഷ ഭാഷയില്‍ പറഞ്ഞാല്‍ മറഡോണ ഒരേസമയം 'ചെകുത്താനാ'യും ദൈവമായും മാറിയ മത്സരം.
1986ലെ മെക്സിക്കോ ലോകകപ്പ് മറഡോണയുടെ ലോകകപ്പെന്ന പേരിലാണ് ചരിത്രത്തിലിടം നേടിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന അര്ജന്റീനയുടെ ക്വാര്ട്ടര് പോരാട്ടമായിരുന്നു ഫുട്ബോളിലെ ഏറ്റവും മനോഹര നിമിഷത്തിനും ഏറ്റവും മോശം നിമിഷത്തിനും ഒരേപോലെ വേദിയായത്. ഇംഗ്ലീഷ ഭാഷയില് പറഞ്ഞാല് മറഡോണ ഒരേസമയം 'ചെകുത്താനാ'യും ദൈവമായും മാറിയ മത്സരം. മെക്സിക്കോസിറ്റിയില് മറഡോണയുടെ നേതൃത്വത്തില് ഇംഗ്ലണ്ടിനെ നേരിട്ട അര്ജന്റീനയ്ക്കായി മറഡോണ നേടിയ രണ്ടുഗോളുകളാണ് ഒരേസമയം ചരിത്രത്തിലിടം നേടിയത്.
50-ാം മിനിറ്റിലായിരുന്നു ദൈവത്തിന്റെ കൈയെന്ന് മറഡോണ പിന്നീട് വിശേഷിപ്പിച്ച വിവാദ ഗോള് പിറന്നത്. എന്നാല് അഞ്ചു മിനിട്ടിനുശേഷം ഫുട്ബോളിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നും മറഡോണയുടെ കാലുകളില് നിന്ന് തന്നെ പിറന്നു.

ആദ്യഗോളിന്റെ ആരവമടങ്ങും മുമ്പ് 55-ാം മിനിട്ടിലായിരുന്നു ഫുട്ബോള് ലോകം ഒന്നടങ്കം നമിച്ചു പോയ അത്ഭുത നീക്കത്തിന്റെ തുടക്കം. സ്വന്തം ഹാഫില് നിന്ന് പന്ത് സ്വീകരിച്ച മറഡോണ ബൂട്ടിന് തുമ്പില് ഒട്ടിച്ചുവച്ചതു പോലെ പന്തുമായി ഇംഗ്ലണ്ട് ഗോള് പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. ആദ്യം പീറ്റര് റീഡിനെ മറികടന്നു ശരീരം വെട്ടിച്ച് വലതുകാല്കൊണ്ട് പന്ത് ഡ്രിബിള്ചെയ്ത് പീറ്റര് ബിയേഴ്സിലിയെയും വിഡ്ഢിയാക്കി ഇടതുവിംഗിലൂടെ ഇംഗ്ലണ്ട് ബോക്സിലേക്ക്.
അപകടം മണത്തു തടയാനെത്തിയ ടെറി ബുച്ചറും ടെറി ഫിന്വിക്കും ദൗത്യം മറന്നു തങ്ങളെ വെട്ടിയൊഴിഞ്ഞു മുന്നേറിയ മറഡോണയുടെ മാന്ത്രികതയില് അമ്പരന്നു നിന്നുപോയി. മിന്നുന്ന വേഗതയില് കുതിച്ചു വരുന്ന മറഡോണയെക്കണ്ടു മുന്നോട്ടു കുതിച്ച ഗോളി പീറ്റര് ഷില്ട്ടന്റെ സമനില തെറ്റിച്ചു പന്ത് വലകുലുക്കുമ്പോള് ലോകം എഴുന്നേറ്റു നിന്ന് കൈയടിച്ചു. കാരണം ആ നൂറ്റാണ്ടിലെ(ഒരു പക്ഷെ ഈ നൂറ്റാണ്ടിലെയും) ഏറ്റവും മികച്ച ഗോളായിരുന്നു അത്.

