മെസി മികച്ച കളി കാഴ്ചവെച്ചെന്നായിരുന്നു മറഡോണ അഭിപ്രായപ്പെട്ടത്

മോസ്‌കോ: റഷ്യൻ ലോകകപ്പിൽ കിരീടം മോഹിച്ചെത്തി വമ്പൻ തിരിച്ചടി നേരിട്ട അർജന്‍റീന നാട്ടില്‍ തിരിച്ചെത്തികഴിഞ്ഞു. ലോകഫുട്ബോള്‍ പോരാട്ടത്തിന്‍റെ ക്വാര്‍ട്ടര്‍ പോലും കാണാനാകാതെ പ്രിയ ടീം പുറത്തായത് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാക്കിയിട്ടുണ്ട്. ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്.

പരിശീലക സ്ഥാനം ഒഴിയില്ലെന്ന് സാംപോളി പറയുന്നുണ്ടെങ്കിലും പടിക്ക് പുറത്താകുമെന്ന് ഉറപ്പാണ്. അതിനിടയിലാണ് അര്‍ജന്‍റീനയെ പ്രതിഫലമില്ലാതെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ അഭിപ്രായപ്പെട്ടത്. അർജന്‍റീനന്‍ ടീമിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. തങ്ങളുണ്ടാക്കിയ പേരും പെരുമയും വളരെപ്പെട്ടെന്നാണ് തകർന്നുപോയതെന്നും മറ‍ഡോണ പറഞ്ഞിരുന്നു. 1986ൽ മറഡോണയുടെ നേതൃത്വത്തിലാണ് അ‍ർജന്‍റീന ലോക ചാമ്പ്യൻമാരായത്.

2010 ലോകകപ്പിൽ മറഡോണ ടീമിനെ പരിശീലിപ്പിച്ചെങ്കിലും അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറഡോണ വീണ്ടും ടീമിന്‍റെ തലപ്പത്തെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനും ആരാധകരും ഉറ്റുനോക്കുന്നത് ഒരാളുടെ തീരുമാനത്തിനായാണ്. 

ലിയോണല്‍ മെസിയെന്ന അര്‍ജന്‍റീനയുടെ പട നായകന്‍ മറഡോണയുടെ ഓഫറിന് ശരി മൂളിയാല്‍ പിന്നെ എല്ലാം ശുഭം. അര്‍ജന്‍റീനയുടെ പരിശീലക സ്ഥാനത്ത് മറഡോണയെത്താന്‍ പിന്നെ അധികം വൈകില്ല. മെസി എന്ത് തീരുമാനിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ മറഡോണയുടെ ഓഫര്‍ വെറുതെയങ്ങ് തള്ളിക്കളയാന്‍ ടീമിന് സാധിക്കില്ല.

അര്‍ജന്‍റീനയിലെന്നല്ല ലോകത്തെല്ലായിടത്തും മറഡോണയ്ക്ക് ഇപ്പോഴും നല്ല ആരാധകവൃന്ദമുണ്ട്. മാത്രമല്ല ലോകകപ്പിനിടെ മെസിയെ ഒരിക്കല്‍ പോലും മറഡോണ കുറ്റപ്പെടുത്തിയിട്ടില്ലെന്നതും അദ്ദേഹത്തിന് അനുകൂലമാകും. മെസി മികച്ച കളി കാഴ്ചവെച്ചെന്നായിരുന്നു മറഡോണ അഭിപ്രായപ്പെട്ടത്. ടീം എന്ന നിലയില്‍ പരാജയമായതാണ് തിരിച്ചടിയുടെ കാരണമെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. എന്തായാലും പോരായ്മകള്‍ പരിഹരിക്കാന്‍ മറഡോണ എത്തുമോയെന്ന് കണ്ടറിയണം.