ദില്ലിയിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് നടത്തിയ മാർച്ചിലാണ് രാഹുൽ ഗാന്ധി അറസ്റ്റിലായത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നരേന്ദ്രമോദി ആക്രമിയ്ക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനാണെന്നും രാഹുലിന്‍റെ ആരോപണം.
ദില്ലി: സിബിഐയ്ക്കെതിരെ സിബിഐ നടത്തുന്ന ഉൾപ്പോരിനും, സിബിഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയതിനുമെതിരെ സിബിഐ ആസ്ഥാനത്തേയ്ക്ക് കോൺഗ്രസിന്‍റെ മാർച്ച്. ലോധി റോഡ് സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ്, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി റാലിയിൽ അണിനിരന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, പ്രമോദ് തിവാരി, അശോക് ഗെഹ്‍ലോട്ട് എന്നിവരും റാലിയിൽ രാഹുലിനെ അനുഗമിച്ചു. തൃണമൂൽ കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും നേതാക്കൾ റാലിയിലുണ്ടായിരുന്നു.
മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സിബിഐയിലെ ചേരിപ്പോരിനെതിരെ രൂക്ഷമായ ആക്രമണമാണ് രാഹുൽഗാന്ധി നടത്തിയത്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിയ്ക്കുകയാണെന്ന് പറഞ്ഞ രാഹുൽ രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനായി മാറിയെന്നും ആരോപിച്ചു.
കേരളമുൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മാർച്ച് ഉദ്ഘാടനം ചെയ്തു. മുട്ടത്തറയിലെ സിബിഐ ഓഫീസിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.
