തോക്കുകളുടെ നിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയിൽ ലക്ഷ കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നു

ന്യൂയോര്‍ക്ക്: തോക്കുകളുടെ നിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയിൽ ലക്ഷ കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നു. 'മാർച്ച് ഫോർ അവർ ലൈവ്സ്' എന്ന പേരിൽ പ്രതിഷേധക്കാർ വൈറ്റ് ഹൗസിലേക്ക് മാർച്ച് ചെയ്തു. പ്രസിഡന്റ് ട്രംപ് റാലിയോട് പ്രതികരിക്കാതെ ഫ്ളോറിഡയിലേക്കു പോയി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് തോക്കുകളെ നിയന്ത്രിക്കണം എന്ന ആവശ്യവുമായി വൈറ്റ് ഹൗസിലേക്ക് റാലി നടത്തിയത്. ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്.

തോക്ക് സൂക്ഷിക്കാനുള്ള പ്രായവും, തോക്കുകളുടെ ലഭ്യത സംബന്ധിച്ചും പുതിയ നിയമം വേണമെന്നാണ് മാര്‍ച്ചിലെ പ്രധാനാവശ്യം. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പ്പില്‍ 14 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് വേണ്ടി വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ മുന്‍പ് തന്നെ തോക്ക് നിയന്ത്രണത്തെ അനുകൂലിക്കാത്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് സമരത്തോട് പ്രതികരിച്ചിട്ടില്ല.